തൃശ്ശൂര്‍: കാലാവധി അവസാനിച്ചതും ഗുണക്കുറവുമൂലം തിരിച്ചുവിളിക്കുന്നതുമായ മരുന്നുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നത് നിര്‍ബന്ധമാക്കുന്നു. ഇത്തരം നടപടികള്‍ മരുന്നുത്പാദകരുടെ ഉത്തരവാദിത്വമാക്കുന്ന വിധത്തില്‍ നിയമനിര്‍മാണത്തിനാണ് ആലോചന. രോഗചികിത്സയ്ക്ക് ഭീഷണിയായി മാറുന്ന ഔഷധപ്രതിരോധത്തിന് പ്രധാന കാരണം അശ്രദ്ധമായ മരുന്നുമാലിന്യസംസ്‌കരണമാണെന്ന വിലയിരുത്തലാണ് നടപടിക്ക് പിന്നില്‍.

ഔഷധമേഖലയിലെ നയരൂപവത്കരണത്തിന് ഉപദേശം നല്‍കുന്ന ഡ്രഗ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയാണ് നടപടികള്‍ക്ക് തുടക്കമിട്ടത്. നിയമപരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിദഗ്ധസമിതിയെയും നിയോഗിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. കേരളത്തിന്റെ ഡ്രഗ്സ് കണ്‍ട്രോളര്‍ ചുമതലവഹിക്കുന്ന കെ.ജെ. ജോണിന്റെ നേതൃത്വത്തിലാണ് സമിതി നിലവില്‍ വരുക. പ്രവര്‍ത്തനവും കാലാവധിയും സംബന്ധിച്ച വിവരങ്ങളില്‍ തീരുമാനമാകണം.

നിലവിലുള്ള നിയമത്തില്‍ മരുന്നുമാലിന്യസംസ്‌കരണം എങ്ങനെ വേണമെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ ആര്‍ക്കാണ് ഉത്തരവാദിത്വമെന്ന് വ്യക്തമാക്കിയിരുന്നില്ല. ചില കമ്പനികള്‍ ഇത്തരം മരുന്നുകള്‍ തിരികെ വാങ്ങാറുണ്ട്.

ഗുരുതരഭവിഷ്യത്ത്
ഉപയോഗിക്കപ്പെടാത്ത മരുന്നുകള്‍ അലക്ഷ്യമായി ജലാശയങ്ങളില്‍ തള്ളുന്നതും കുഴിച്ചിടുന്നതും മറ്റും വ്യാപകമാണ്. വെള്ളത്തിലൂടെയും സസ്യങ്ങളിലൂടെയും മത്സ്യങ്ങളിലൂടെയും ഇവയിലെ രാസമൂലകങ്ങള്‍ മനുഷ്യരിലെത്തും. ഇതോടെ ഈ മൂലകമടങ്ങുന്ന മരുന്നുകളെ പ്രതിരോധിക്കുവാനുള്ള ശേഷി ശരീരത്തില്‍ വളരും. ചികിത്സയുടെ ഭാഗമായി ഇത്തരം മരുന്നുകള്‍ ഫലിക്കാത്ത സ്ഥിതി വരും. ന്യുമോണിയ, ക്ഷയം തുടങ്ങിയ രോഗികളില്‍ ഇത്തരം പ്രതിരോധം വ്യാപിക്കുന്നുണ്ട്.

കേരളമാതൃക
ഇത്തരം മരുന്നുകള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മാതൃകാപദ്ധതി തിരുവനന്തപുരത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തുടങ്ങിയിരുന്നു. മൊത്തവിതരണക്കാരുടെ സംഘടനയുടെ സഹകരണത്തോടെയുള്ള പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സാമ്പത്തികസഹായവും നല്‍കി. കോവിഡിന്റെ കാരണത്താല്‍ വൈകിയെങ്കിലും അടുത്തമാസത്തോടെ കൊല്ലം ജില്ലയിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ. ജോണ്‍ പറഞ്ഞു.

Content Highlights: Manufacturers will be responsible for the processing of expired drugs, Health, Medicines