തൃശ്ശൂര്‍: സിറിഞ്ചുകള്‍ കയറ്റി അയയ്ക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിവാദമാകുന്നു. വേണ്ടത്ര ആലോചനയില്ലാതെയെടുത്ത തീരുമാനം രാജ്യത്തിന്റെ ആരോഗ്യ-വ്യാവസായികരംഗത്തിന് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും വന്നുകഴിഞ്ഞു. എന്നാല്‍, നിയന്ത്രണത്തിന്റെ സ്വഭാവമെന്തെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വാണിജ്യമന്ത്രാലയത്തിനു കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അഡീഷണല്‍ സെക്രട്ടറി അമിത് യാദവ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. വിദേശവ്യാപാരനിയമത്തിലെ നിബന്ധനകളില്‍ ഭേദഗതിവരുത്തിയാണ് സിറിഞ്ചുകളെ നിയന്ത്രണത്തിലാക്കിയത്. നാളിതുവരെ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. സൂചിയുള്ളതും ഇല്ലാത്തതുമായ എല്ലാ സിറിഞ്ചുകളും ഇതോടെ നിയന്ത്രണത്തിലാകും. കയറ്റുമതിക്കുള്ള അനുമതിയും നടപടിക്രമങ്ങളും മറ്റൊരു വിജ്ഞാപനത്തിലൂടെ വ്യക്തമാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ബൃഹത്തായ കോവിഡ് വാക്‌സിനേഷന്‍ പദ്ധതി നടക്കുമ്പോള്‍ സിറിഞ്ചുകളുടെ ക്ഷാമമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍, കോവിഡ് ആവശ്യത്തിന് ഉപയോഗിക്കപ്പെടുന്ന സിറിഞ്ചുകള്‍ക്കു മാത്രമായി കയറ്റുമതിനിയന്ത്രണം പരിമിതപ്പെടുത്തണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. ഏറെക്കാലം ഗുണമേന്മയിലും മറ്റും ഉന്നതനിലവാരം പുലര്‍ത്തിയാണ് ലോകത്തിലെത്തന്നെ പ്രധാനപ്പെട്ട സിറിഞ്ചുനിര്‍മാണകേന്ദ്രമായി രാജ്യം മാറിയതെന്ന് അവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വലിയ തിരിച്ചടിയാകുമെന്നും അവര്‍ വിശദീകരിക്കുന്നു.

രാജ്യത്തെ പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള സിറിഞ്ചുകള്‍ ഉറപ്പുവരുത്തിയ ശേഷമുള്ളവ കയറ്റുമതി ചെയ്യാനുള്ള അനുവാദം വേണമെന്നാണ് ഓള്‍ ഇന്ത്യ സിറിഞ്ച് ആന്‍ഡ് നീഡില്‍സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Manufacturers concerns over the export of syringes, Health