ടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഈജിപ്തിലെ അസ്വാന്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം. 

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ യുവാവിന് എക്‌സ്‌റേ, സി.ടി. സ്‌കാന്‍ ഉള്‍പ്പടെ നിരവധി പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ വയറ്റില്‍ എന്തോ വസ്തു അകപ്പെട്ടതായി തിരിച്ചറിഞ്ഞു. ഇതാണ് വയറുവേദനയ്ക്ക് ഇടയാക്കിയത്. തുടര്‍ന്ന് രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വയറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.  

ആറുമാസം മുന്‍പാണ് ഈ യുവാവ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത് എന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്തിനാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത് എന്ന് വ്യക്തമായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഇതൊരു വിചിത്ര സംഭവമെന്നാണ് യുവാവിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. 
ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണ് ഇതെന്നാണ് ആസ്വാന്‍ സര്‍വകലാശാല മെഡിസിന്‍ വിഭാഗം ഡീന്‍ ഡോ. മുഹമ്മദ് അല്‍ ദഷൗറി പ്രതികരിച്ചത്.

മൊബൈല്‍ ഫോണ്‍ ബാറ്ററിയില്‍ മാരകമായ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇത് വിഴുങ്ങുന്നയാളിന്റെ ജീവനെടുക്കാന്‍ ഇടയാക്കുന്നതാണെന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ ശസ്ത്രക്രിയക്ക് ശേഷം യുവാവിനെ പറഞ്ഞു മനസ്സിലാക്കി. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്നും സുഖമായിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  

Content Highlights: Man complains of stomach ache, doctors operate to find phone he had swallowed, Health