ന്യൂഡൽഹി: രാജ്യത്ത് കുട്ടികളിൽ പോഷകാഹാരക്കുറവ് രൂക്ഷമാകുന്നതിനാൽ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണപദ്ധതി (എം.ഡി.എം.എസ്.) കാര്യക്ഷമമാക്കാൻ വനിത-ശിശുവികസന മന്ത്രാലയം രൂപവത്കരിച്ച പാർലമെന്ററി സമിതിയുടെ നിർദേശം.

ഹീനാ ഗാവീത് അധ്യക്ഷയായ കമ്മിറ്റിയുടേതാണ് നിർദേശം. സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന സ്വകാര്യസ്കൂളുകളിലും സൗജന്യ ഉച്ചഭക്ഷണം ലഭ്യമാക്കണമെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളോടുള്ള പ്രധാന നിർദേശം. ഇതിനുള്ള പണം സർക്കാർ അനുവദിക്കണം. ഹൈദരാബാദിലെ ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ട്, ദേശീയ പോഷഹാകാര നിയന്ത്രണ ബ്യൂറോ എന്നിവയുടെ റിപ്പോർട്ടാണ് പ്രധാനമായും പരിഗണിച്ചത്.

പകുതിയിലേറെ കുട്ടികൾക്ക് വിളർച്ച

അഞ്ചുവയസ്സിന് താഴെയുള്ള 67 ശതമാനം കുട്ടികളിലും വിളർച്ചയുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സർവേ (2019-20) വ്യക്തമാക്കുന്നു. പോഷകാഹാരക്കുറവ് ഇതിലൊരു പ്രധാന ഘടകമാണ്. 15-19 വയസ്സിന്‌ ഇടയിലുള്ള പത്തിൽ ആറുസ്ത്രീകൾക്കും വിളർച്ചയുണ്ട്. രണ്ടിൽ ഒരു ഗർഭിണിയും വിളർച്ചയുടെ പിടിയിലാണ്. സർവേ ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ വിളർച്ച റിപ്പോർട്ടുചെയ്തത് ഇപ്രാവശ്യമാണ്.

പോഷകാഹാരമില്ലാതെ 33 ലക്ഷം കുട്ടികൾ

ഇന്ത്യയിൽ 33 ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവുണ്ട്. മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നിൽ. നിതി ആയോഗിന്റെ 2020-21 റിപ്പോർട്ടുപ്രകാരം രാജ്യത്ത് അഞ്ചുവയസ്സിൽ താഴെയുള്ള 33.4 ശതമാനം കുട്ടികൾക്ക് തൂക്കക്കുറവും 34.7 ശതമാനം പേരിൽ വളർച്ചമുരടിപ്പുമുണ്ട്. മൂന്നാമത്തെയും നാലാമത്തെയും കുടുംബാരോഗ്യസർവേയും ഇതുതന്നെ പറയുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള അഞ്ചിലൊന്ന് കുട്ടികളുടെ മരണങ്ങൾക്കും വൈകല്യങ്ങൾക്കും കാരണം പോഷകാഹാരക്കുറവാണ്.

ഫണ്ടിൽ പകുതിപോലും ഉപയോഗിക്കാതെ

കുട്ടികളിലെ പോഷഹാകാരക്കുറവ് പരിഹരിക്കാൻ 2021-ൽ അനുവദിച്ച 5.31 ലക്ഷം കോടി രൂപയിൽ സംസ്ഥാനങ്ങൾ വിനിയോഗിച്ചത് 2.98 കോടിമാത്രം. രാജ്യസഭയിൽ മന്ത്രി സ്മൃതി ഇറാനി അറിയിച്ചതാണിത്. പശ്ചിമബംഗാളിന് അനുവദിച്ച 26,751 ലക്ഷത്തിൽ ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല. 39.38 ലക്ഷം രൂപ മധ്യപ്രദേശിന് നൽകിയതിൽ 19,219 ലക്ഷം ചെലവഴിച്ചു. കേരളമടക്കം ഒരു സംസ്ഥാനവും അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ചിട്ടില്ലെന്ന് മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Content highlights: malnutrition is severe in children suggestion to make the lunch program more efficient