കോട്ടയം: മരുന്നുകള്‍ക്ക് ഇല്ലാത്ത ഗുണഗണങ്ങള്‍ അവതരിപ്പിച്ച് വ്യാപാരനേട്ടത്തിനായി ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി ആയുഷ് വകുപ്പ്. ആയുഷ് ചികിത്സാവിഭാഗങ്ങള്‍ക്ക് പ്രാധാന്യവും വിശ്വാസ്യതയും വര്‍ധിച്ചതോടെയാണ് ചില സ്വകാര്യ ഔഷധ നിര്‍മാതാക്കള്‍ തങ്ങളുടെ മരുന്നുകളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളുമായി എത്തിയിട്ടുള്ളത്.

ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ സംസ്ഥാനസര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കി. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് 1940, റൂള്‍സ് 1945, ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് (തെറ്റിദ്ധാരണാപരമായ പരസ്യങ്ങള്‍) ആക്ട്-1954 എന്നിവപ്രകാരം നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ആയുഷ് മന്ത്രാലയം ഓര്‍മിപ്പിച്ചു.

ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയവയ്ക്ക് പ്രാധാന്യം കൈവന്നതോടെയാണ് ആശാസ്യമല്ലാത്ത പ്രവണതകളും തുടങ്ങിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കാന്‍ പ്രക്ഷേപണ മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും നിരീക്ഷിക്കും.

2018 മുതല്‍ 14,876 പരാതികള്‍

മരുന്നുകമ്പനികളുടെ അനാവശ്യ അവകാശവാദങ്ങള്‍ സംബന്ധിച്ച് 2018 മുതല്‍ 2021 വരെ 14,876 സംഭവങ്ങള്‍ ഫാര്‍മക്കോ വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ടുചെയ്തു. ഇവയില്‍ നടപടിയെടുക്കാന്‍ അതത് വിഭാഗങ്ങളെ ചുമതലപ്പെടുത്തി. 'ഗാമാ' പോര്‍ട്ടല്‍ വഴിയും പരാതികള്‍ സ്വീകരിക്കുന്നുണ്ട്. ഗ്രീവന്‍സ് എഗെന്‍സ്റ്റ് മിസ്ലീഡിങ് അഡ്വര്‍ടൈസ്മെന്റ് പോര്‍ട്ടല്‍ (ഗാമാ പോര്‍ട്ടല്‍), കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നിയന്ത്രിക്കുന്നത്. 2020-21-ല്‍ വ്യാജ അവകാശവാദങ്ങളെക്കുറിച്ച് 339 പരാതികളാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തത്. ഇവിടെ ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറും.

പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാം

ഗൂഗിളില്‍ GAMA PORTAL എന്ന് ടൈപ്പ് ചെയ്താല്‍ പോര്‍ട്ടല്‍ തുറക്കും. ഇരുവശത്തും രജിസ്റ്റര്‍ കംപ്ലയിന്റ് എന്ന ഭാഗമുണ്ട്. ഇതില്‍ എവിടെയെങ്കിലും ക്ലിക്കുചെയ്താല്‍ അടുത്തഘട്ടത്തിലേക്കെത്തി ഇ-മെയില്‍ വിലാസവും പാസ്വേര്‍ഡും നല്‍കി, വ്യാജ പരസ്യങ്ങള്‍, അനാവശ്യ അവകാശവാദങ്ങള്‍ എന്നിവയിലുള്ള പരാതികള്‍ രജിസ്റ്റര്‍ചെയ്യാം.

Content Highlights: Magical remedies- department of AYUSH with strict action