കോട്ടയം: 2005 മുതൽ 2020 വരെയുള്ള കണക്കെടുപ്പിൽ രാജ്യത്ത് അലോപ്പതി ഡോക്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും സ്പെഷ്യലിസ്റ്റുകളുടെ എണ്ണത്തിൽ വൻ കുറവ്. ഇതുമൂലം സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ 76 ശതമാനം സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച 2020-ലെ ദേശീയ ഗ്രാമീണ ആരോഗ്യസ്ഥിതിവിവരക്കണക്കിലാണ് ഗ്രാമീണജനത ആരോഗ്യരംഗത്ത് നേരിടുന്ന പ്രതിസന്ധി വെളിപ്പെട്ടത്. എല്ലാ സംസ്ഥാനത്തും ഗ്രാമങ്ങളിലെ ജനങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സേവനം കഴിഞ്ഞാൽ ഏറ്റവുമധികം ആശ്രയിക്കുന്നത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയാണ്.

മുൻപ് സി.എച്ച്.സി.കളിൽ ഫിസിഷ്യൻ, സർജൻ, ഗൈനക്കോളജിസ്റ്റ്, ഒബ്‌സ്റ്റട്രീഷ്യൻ, പീഡിയാട്രീഷ്യൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നു. നേരത്തെ രാജ്യത്തെ സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ മികച്ച പ്രസവശുശ്രൂഷ ലഭിച്ചിരുന്നത് ഗ്രാമീണജനതയ്ക്ക് ഏറെ ആശ്വാസവുമായിരുന്നു.

ഇപ്പോൾ ഇവിടങ്ങളിൽ തസ്തികകളിൽ വിദഗ്ധരെ ലഭിക്കാത്തതിനാൽ താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളെ ഗ്രാമീണർക്ക് ആശ്രയിക്കേണ്ടി വരുന്നു. ഇതുമൂലം സ്പെഷ്യലിസ്റ്റ് സേവനം എല്ലാവരിലേക്കും എത്തുന്നതിന് പരിമിതിയുണ്ട്.

13,384 സ്പെഷ്യലിസ്റ്റ് തസ്തികകളാണ് ഗ്രാമീണമേഖലയിലുള്ളത്. സർജൻ-78.9 ശതമാനം, ഗൈനക്കോളജിസ്റ്റ്, ഒബ്‌സ്റ്റട്രീഷ്യൻ-69.7 ശതമാനം, ഫിസിഷ്യൻ-78.2 ശതമാനം, പീഡിയാട്രീഷ്യൻ-78.2 ശതമാനം എന്നിങ്ങനെയാണ് തസ്തിക ഒഴിഞ്ഞുകിടക്കുന്നത്.

15 വർഷത്തിനിടെ സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ആകെ ഡോക്ടർമാരുടെ എണ്ണം കാലാനുസൃതമായി വർധിച്ചിട്ടുണ്ട്. നിലവിൽ 28,000-ത്തിലേറെ ഡോക്ടർമാരാണ് സേവനം ചെയ്യുന്നത്.

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാൻ എം.ബി.ബി.എസ്. പഠനത്തിന്റെ തുടർച്ചയായി രണ്ടുവർഷ പി.ജി.ഡിപ്ലോമ കോഴ്‌സ് കൂടി മെഡിക്കൽ വിദ്യാർഥികൾക്കായി പുതുതായി അനുവദിക്കുന്നുണ്ട്. ഇത് കൂടുതൽ പേർ പ്രയോജനപ്പെടുത്തിയാൽ സ്പെഷ്യലിസ്റ്റുകളുടെ അഭാവം പരിഹരിക്കാനായേക്കും.

Content Highlights: Low number of specialist doctors in rural areas, Health