സാധാരണ ജോലി സമയത്തിലും കൂടുതല്‍ പണിയെടുക്കുന്നത് അത്ര നല്ലതാണെന്ന് താേന്നുന്നുണ്ടോ? പ്രത്യേകിച്ചും കൊറോണ പടര്‍ന്നുപിടിച്ചതോടെ പലരും വര്‍ക്ക് ഫ്രം ഹോമിലാണ്. നീളുന്ന ജോലിസമയമാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ഈ നീളുന്ന ജോലി സമയം ആരോഗ്യത്തെ നശിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

2016 മുതല്‍ നടത്തിയ പഠനത്തില്‍ ലോകമെങ്ങും ഓവര്‍ ടൈം ജോലി മൂലമുണ്ടാകുന്ന രോഗങ്ങള്‍ കാരണം മരിച്ചത് 745000 ആളുകളാണെന്നാണ് പഠനം പറയുന്നത്. സ്‌ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയാണ് അവ. 

2016 ല്‍ മാത്രം സ്‌ട്രോക്ക് മൂലം മരിച്ചവരുടെ എണ്ണം 398 000 ആളുകളാണ്. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ പണിയെടുക്കുന്നവര്‍ക്ക് ഹൃദയരോഗങ്ങള്‍ മൂലമുള്ള മരണമാണ് പഠനം കണ്ടെത്തിയത്. 2000 മുതല്‍ 2016 വരെയുള്ള കണക്കുകളില്‍ ഇത്തരം അധികസമയ ജോലി കൊണ്ട് ഉണ്ടാകുന്ന മരണങ്ങളില്‍ 42 ശതമാനം വര്‍ധനവുണ്ടായതായും ലോകാരോഗ്യ സംഘടന കണ്ടെത്തി. 

ഇത്തരം ജോലിഭാര രോഗങ്ങള്‍ മൂലം മരണമടയുന്നവരില്‍ 72 ശതമാനവും പുരുഷന്മാരാണ്. കോവിഡ് രോഗം പടര്‍ന്നുപിടിച്ചതോടെ ലോകത്തെങ്ങും ആളുകളുടെ ജോലി സമയം കൂടിയതായും ലോകാരോഗ്യ സംഘടന പറയുന്നു. ആഴ്ചയില്‍ 35 മുതല്‍ 40 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നവരേക്കാള്‍ വേഗത്തില്‍ മരണപ്പെടാനും രോഗബാധിതരാവാനും സാധ്യത 55 മണിക്കൂറില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്കാണ്. അതും 35 ശതമാനമാണ് രോഗ-മരണ സാധ്യത. 

കടപ്പാട്: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍

Content Highlights: Long working hours increasing deaths from heart disease and stroke