കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് കോവിഡ് മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തിരിക്കേണ്ടത് ഒരു മാസത്തിലേറെ. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് ധനസഹായം അനുവദിച്ച് നിര്‍ദേശം വന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടികള്‍ വൈകുന്നത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെ ബുദ്ധിമുട്ടിലാക്കുന്നു.

മരിച്ചസമയത്ത് കോവിഡ് പോസറ്റീവ് ആയത് മാത്രമാണ് മുമ്പ് കോവിഡ് മരണമായി കണക്കാക്കിയിരുന്നത്. പുതിയ മാനദണ്ഡപ്രകാരം നെഗറ്റീവായി മുപ്പത് ദിവസത്തിനുള്ളില്‍ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കും. രണ്ടു വിഭാഗത്തിലുമായി 600-ലേറെ അപേക്ഷകളാണ് മെഡിക്കല്‍ കോളേജിലുള്ളത്. ഇത് പരിശോധിച്ച് കോവിഡ് മരണപോര്‍ട്ടലില്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം കഴിഞ്ഞ ഒരുമാസമായി മുടങ്ങിക്കിടക്കുകയാണ്. വിവിധജില്ലകളില്‍ നിന്നായി ആളുകള്‍ മെഡിക്കല്‍ കോളേജില്‍ കയറിയിറങ്ങുകയാണ്.

സര്‍ക്കാരിന്റെ ധനസഹായം ലഭിക്കണമെങ്കില്‍ കോവിഡ് ബാധിച്ചിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് വേണം. സമര്‍പ്പിക്കുന്ന അപ്പീലുകളില്‍ ഇന്‍ പേഷ്യന്റ് നമ്പര്‍ (കിടത്തിച്ചികിത്സാ രേഖ) രോഗിയുടെ കേസ് ഷീറ്റില്‍നിന്ന് കണ്ടെത്തി ചേര്‍ത്തശേഷം കോവിഡ് മരണമാണെന്ന് സ്ഥിരീകരിക്കേണ്ടത് ചികത്സിച്ച ഡോക്ടറോ യൂണിറ്റിലെ മറ്റു ഡോക്ടര്‍മാരോ ആയിരിക്കണം. ഇതിന് മെഡിക്കല്‍ ലൈബ്രറി റെക്കോഡ് വിഭാഗത്തിലെ ജീവനക്കാരോടൊപ്പം ഡോക്ടര്‍മാരുടെകൂടി സഹായവും വേണം. ഇങ്ങനെ അപ്ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ആശുപത്രി സൂപ്രണ്ട് അപ്രൂവ് ചെയ്തശേഷം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അംഗീകാരത്തിനുശേഷമാണ് അപ്പീലുകളില്‍ ആരോഗ്യവകുപ്പ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.

സ്ഥിരം ജീവനക്കാര്‍ രണ്ടുമാത്രം

മെഡിക്കല്‍ റെക്കോഡ് ലൈബ്രറി വിഭാഗത്തില്‍ നിലവില്‍ 10 തസ്തികയുള്ളതില്‍ പകുതിപേരാണ് രണ്ടായിരത്തിലേറെയുള്ള കിടപ്പുരോഗികളുടെ (കോവിഡിതര രോഗികളുടെതടക്കം) കേസ് ഷീറ്റുകള്‍ കൈകാര്യം ചെയ്യുന്നത്. ജീവനക്കാരില്‍ രണ്ടുപേര്‍ മാത്രമാണ് സ്ഥിരം തസ്തികയിലുള്ളത്, റെക്കോഡ് ലൈബ്രറി സൂപ്രണ്ടും ലൈബ്രറേറിയനും. വര്‍ക്ക് അറേഞ്ച്മെന്റില്‍ നാല് നഴ്സിങ് അസിസ്റ്റന്റുമാര്‍ സഹായത്തിനുണ്ട്. സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതും മറ്റു രോഗികളുടെ ബാഹുല്യവും നിലവിലെ ജീവനക്കാരുടെ ജോലി ഇരട്ടിയാക്കി. തിരുവനന്തപുരത്ത് പതിമ്മൂന്നും തൃശ്ശൂരില്‍ പത്തും തസ്തിക നിലവിലുള്ളപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടുപേര്‍ മാത്രമാണുള്ളത്.

അതേസമയം മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ മെഡിക്കല്‍ റെക്കോഡ് ലൈബ്രറിയില്‍ നാലുപേര്‍ വേണ്ടിടത്ത് ആകെയുള്ള ഒരാള്‍ വര്‍ക്ക് അറേഞ്ച്മെന്റിലാണ് ജോലി ചെയ്യുന്നത്. മറ്റ് രോഗികളുടെ എണ്ണം കൂടിയതോടെ ഡോക്ടര്‍മാര്‍ക്ക് ജോലി വര്‍ധിച്ചതും കാലതാമസത്തിനിടയാക്കുന്നുണ്ട്.

Content Highlights: Covid19 death certificate, Kozhikode Medical College