Representative Image| Photo: Canva.com
വാഷിങ്ടൺ: അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങൾ കാലങ്ങളായി പ്രധാന ചര്‍ച്ചാവിഷയമാണ്. വായുമലിനീകരണവും ജലമലിനീകരണവുമൊക്കെ ഓരോരോ തരത്തിൽ ശരീരത്തെ ബാധിക്കുന്നുണ്ട്. വായു മലിനമാവുക വഴി ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരുമെന്നത് മിക്കവർക്കും ധാരണയുള്ള കാര്യമായിരിക്കും. മലിനീകരിക്കപ്പെട്ട വായു ഏറെക്കാലം ശ്വസിക്കുന്നവരിൽ വിഷാദത്തിനുള്ള സാധ്യതയും കൂടുതലാണെന്നാണ് ഒരു പുതിയ പഠനം വ്യക്തമാക്കുന്നത്.
ജാമാ നെറ്റ്‌വര്‍ക്ക് ഓഫ് സയന്റിഫിക് ജേണൽസിൽ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉയർന്ന അളവിൽ വായുമലിനീകരണമുള്ള ഇടങ്ങളിൽ ജീവിക്കുന്ന മുതിർന്നവരിൽ പിൽക്കാലത്ത് വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. താരതമ്യേന കുറഞ്ഞ അളവിൽ വായുമലിനീകരണം ഉള്ള ഇടങ്ങളിൽ ഏറെക്കാലം കഴിയുന്നവരിലും വിഷാദത്തിനും അമിത ഉത്കണ്ഠയ്ക്കുമുള്ള സാധ്യത കൂടുതലാണെന്ന് ജാമാ സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിലും പറയുന്നുണ്ട്.
വായുമലിനീകരണം മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഹൃദ്രോഗവും ബന്ധപ്പെട്ടു കിടക്കുന്നുവെന്നത് മിക്കവർക്കും അറിയാം. എന്നാൽ വായുമലിനീകരണവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധമാണ് പഠനത്തിലൂടെ കണ്ടെത്താൻ ശ്രമിച്ചതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഹാർവാർഡ്, എമോറി സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.
അമേരിക്കയിലെ മുതിർന്ന പൗരന്മാർക്കിടയിലാണ് പഠനം സംഘടിപ്പിച്ചത്. യു.എസ് സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിൽ നിന്നുള്ള ഡേറ്റയെ ആസ്പദമാക്കിയാണ് അനുമാനത്തിലെത്തിയത്. അറുപത്തിനാല് വയസ്സിന് പ്രായമുള്ള തൊണ്ണൂറു ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. അവരിൽ പതിനഞ്ചു ലക്ഷത്തോളം പേരിൽ പഠനകാലത്ത് വിഷാദരോഗം തിരിച്ചറിഞ്ഞു. 2005 മുതൽ 2016 വരെയുള്ള രേഖകളാണ് ഇതിന് സ്വീകരിച്ചത്.
വായുമലിനീകരണത്തിന് ഏറെകാലം വിധേയമാകുന്നവരിൽ പിൽക്കാലത്ത് വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും സാമൂഹിക-സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്നവരിലാണ് ഇത് കൂടുതലായി കണ്ടതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. അവർ സാമൂഹിക സമ്മർദം അനുഭവിക്കുന്നതിനൊപ്പം വായുമലിനീകരണം ഉൾപ്പെടെയുള്ള അന്തരീക്ഷ സാഹചര്യം അവസ്ഥ വഷളാക്കുകയാണെന്നും ഗവേഷകർ പറയുന്നു.
ബ്രിട്ടനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനവും സമാന അനുമാനത്തിലെത്തുകയുണ്ടായി. 3,90,000 പേരിൽ നടത്തിയ 11 വർഷത്തോളം നീണ്ട പഠനമായിരുന്നു അത്.
Content Highlights: long-term air pollution exposure raises depression risk


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..