വന്ധ്യതനിവാരണ ക്ലിനിക്കുകളെ നിയന്ത്രിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി


മനോജ് മേനോന്‍

നിയമലംഘനങ്ങള്‍ക്ക് അഞ്ചുമുതല്‍ 12 വരെ വര്‍ഷം തടവും അഞ്ചുലക്ഷം മുതല്‍ 25 ലക്ഷംവരെ രൂപയും ശിക്ഷ നിര്‍ദേശിക്കുന്നുണ്ട്

Representative Image| Photo: Gettyimages

ന്യൂഡല്‍ഹി: വന്ധ്യതാ ചികിത്സാ ക്ലിനിക്കുകള്‍, ബീജ-അണ്ഡ ബാങ്കുകള്‍ എന്നിവയെ നിയന്ത്രിക്കാനുള്ള അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റെഗുലേഷന്‍) ബില്‍ 2020 ബുധനാഴ്ച ലോക്സഭ പാസാക്കി.

വന്ധ്യതനിവാരണ ക്ലിനിക്കുകളും അണ്ഡ-ബീജ ബാങ്കുകളും നാഷണല്‍ രജിസ്ട്രി ഓഫ് ബാങ്ക്സ് ആന്‍ഡ് ക്ലിനിക്‌സ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പരിശോധനകള്‍ക്കായി ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനങ്ങള്‍ക്ക് അഞ്ചുമുതല്‍ 12 വരെ വര്‍ഷം തടവും അഞ്ചുലക്ഷം മുതല്‍ 25 ലക്ഷംവരെ രൂപയും ശിക്ഷ നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ബില്ലവതരിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഈ ബില്‍ ആദ്യമായി സര്‍ക്കാര്‍ ലോക്സഭയില്‍ വെച്ചത്. തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, പെഗാസസ് വിഷയത്തില്‍ ലോക്സഭ സ്തംഭിച്ചതിനാല്‍ പരിഗണിക്കാനായില്ല. തുടര്‍ന്നാണ് ബില്‍ ബുധനാഴ്ച അവതരിപ്പിച്ചത്. എന്‍.കെ. പ്രേമചന്ദ്രന്‍, പ്രൊഫ. സൗഗത റായ് എന്നിവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിക്കളഞ്ഞാണ് ബില്‍ പരിഗണിച്ചത്.

പ്രധാന വ്യവസ്ഥകള്‍

  • വന്ധ്യതനിവാരണ ക്ലിനിക്കുകളും അണ്ഡ-ബീജ ബാങ്കുകളും നാഷണല്‍ രജിസ്ട്രി ഓഫ് ബാങ്ക്സ് ആന്‍ഡ് ക്ലിനിക്‌സ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്ട്രേഷന്‍ അതോറിറ്റിയെ നിയമിക്കണം.
  • അണ്ഡവും ബീജവും ദാനം ചെയ്യാനുള്ള യോഗ്യതകള്‍, എത്ര പ്രാവശ്യം ദാനംചെയ്യാം എന്നിവയ്ക്ക് മാനദണ്ഡം നിശ്ചയിക്കും. ദാതാക്കളെ പരിശോധിക്കാനും ബീജവും അണ്ഡവുമെടുക്കാനും സൂക്ഷിക്കാനുമുള്ള അധികാരം രജിസ്ട്രേഡ് കേന്ദ്രങ്ങള്‍ക്കായിരിക്കും. 21 മുതല്‍ 55 വയസ്സുവരെയുള്ള പുരുഷന്‍മാരില്‍നിന്നേ ബീജമെടുക്കാവൂ. 23 മുതല്‍ 35 വയസ്സ് വരെയുള്ള സ്ത്രീകളില്‍നിന്ന് അണ്ഡമെടുക്കാം. വിവാഹിതയും ഒരു കുട്ടിയെങ്കിലുമുള്ള സ്ത്രീയായിരിക്കണം ദാതാവ്. ജീവിതത്തില്‍ ഒരിക്കലേ അണ്ഡം ദാനംചെയ്യാവൂ. ഒരു സ്ത്രീയില്‍നിന്ന് ഏഴ് അണ്ഡത്തില്‍ കൂടുതല്‍ എടുക്കരുത്. ഒരു ദാതാവില്‍നിന്ന് ശേഖരിച്ച അണ്ഡം ഒന്നിലേറെ ദമ്പതിമാര്‍ക്കു നല്‍കരുത്.
  • കൃത്രിമ ഗര്‍ഭധാരണ സേവനങ്ങള്‍ ദമ്പതിമാരുടെയും ദാതാവിന്റെയും രേഖാമൂലമായ സമ്മതത്തോടെയേ നല്‍കാവൂ. സേവനം തേടുന്നവര്‍ അണ്ഡദാതാവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം.
  • ഇങ്ങനെ ജനിക്കുന്ന കുട്ടികളെ സാധാരണ ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെപ്പോലെതന്നെ പരിഗണിക്കണം.
  • ക്ലിനിക്കുകളുടെയും ബീജ-അണ്ഡ ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ദേശീയ-സംസ്ഥാന തലങ്ങളില്‍ ബോര്‍ഡുകള്‍ വേണം.
വിവേചനം കാട്ടുന്ന വ്യവസ്ഥകളെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: സ്ത്രീകളോടും എല്‍.ജി.ബി.ടി. സമൂഹത്തോടും വിവേചനം കാട്ടുന്ന വ്യവസ്ഥകളാണ് കൃത്രിമ പ്രത്യുത്പാദന സാങ്കേതിക(നിയന്ത്രണം) ബില്ലിലെന്ന് ലോക്സഭയിലെ ചര്‍ച്ചയില്‍ പ്രതിപക്ഷം. എന്നാല്‍, ബില്ലിനെ ഭരണ-പ്രതിപക്ഷങ്ങള്‍ പിന്തുണച്ചു.

നിയമത്തില്‍ അവ്യക്തതകളുണ്ടെന്ന് ബില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ട കോണ്‍ഗ്രസ് അംഗം കാര്‍ത്തി ചിദംബരം പറഞ്ഞു. സമഗ്രമായ ബില്ലാണ് കൊണ്ടുവരേണ്ടതെന്ന് ആര്‍.എസ്.പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. വാടക ഗര്‍ഭപാത്രം സംബന്ധിച്ച ബില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ പരിഗണനയിലാണ്. വൈദ്യശാസ്ത്രപരമായ ഗര്‍ഭച്ഛിദ്രത്തിന് വ്യവസ്ഥചെയ്യുന്ന നിയമം നിലവിലുണ്ട്. ഇതിനുപുറമേയാണ് കൃത്രിമ പ്രത്യുത്പാദന സാങ്കേതിക ബില്‍ കൊണ്ടുവരുന്നത്. ഈ മൂന്നുബില്ലുകളും ചേര്‍ത്ത് സമഗ്രമായ ബില്‍ കൊണ്ടുവരണം. ഈ ആവശ്യമുന്നയിച്ച് പ്രേമചന്ദ്രന്‍ ക്രമപ്രശ്‌നം ഉയര്‍ത്തി. എന്നാല്‍, ലോക്സഭ പാസാക്കിയതിനാല്‍ പുതിയ ബില്‍ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്ന് സ്പീക്കര്‍ പ്രത്യേക റൂളിങ് നല്‍കി.

സാധാരണ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ബില്ലാണെന്ന് സി.പി.എം. അംഗം എ.എം. ആരിഫ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മറുപടി നല്‍കി. ലോക്സഭ ഈ ബില്‍ പാസാക്കിയശേഷം വാടകഗര്‍ഭപാത്രബില്ലും ഈ ബില്ലും ഒരുമിച്ച് രാജ്യസഭ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

Content Highlights: Lok sabha has passed a bill to regulate infertility clinics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented