ഹൈവേയുടെ സമീപത്ത് താമസിക്കുന്നവര്‍ ധാരാളമുണ്ട് ഇന്ത്യയില്‍. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ ഇങ്ങനെ ഹൈവേയ്ക്ക് സമീപം താമസിക്കുന്നവരില്‍ ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, അല്‍ഷൈമേഴ്‌സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നീ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല നടത്തിയ പഠനം എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഹൈവേയില്‍ നിന്ന് 50-150 മീറ്ററില്‍ താഴെ മാത്രം അകലത്തില്‍ താമസിക്കുന്നവരിലാണ് ന്യൂറോളജിക്കല്‍ തകരാറുകള്‍ കാണുന്നതെന്നാണ് പഠനത്തില്‍ പറയുന്നുണ്ട്. ഇതിന് പിന്നിലുള്ള കാരണം വര്‍ധിച്ചു വരുന്ന വായുമലിനീകരണമാണെന്നും പഠനത്തില്‍ പരാമര്‍ശമുണ്ട്. മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഡിമെന്‍ഷ്യ, അല്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയ്ക്ക് വായുമലിനീകരണവുമായും വാഹനപ്പെരുപ്പവുമായുമുള്ള ബന്ധം ഉറപ്പിക്കുകയാണ് പഠനത്തില്‍ ചെയ്തതെന്ന് പഠന സംഘത്തിന്റെ തലവന്‍ വെയ്‌റാന്‍ യൂച്ചി പറഞ്ഞു. 

ന്യൂറോളജിക്കല്‍ തകരാറുകള്‍ മൂലം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുകയും വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്. ഈ രോഗത്തിന് ഇടയാക്കുന്ന അപകടഘടകങ്ങള്‍ നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ രോഗം ഗുരുതരമാകാന്‍ ഇടയാക്കും. 
 
1994-1998, കാലഘട്ടത്തില്‍ കാനഡയിലെ വാന്‍കൂവര്‍ മെട്രോയിലെ 45 നും 84 നും ഇടയില്‍ പ്രായമുള്ള 678,000 വ്യക്തികളില്‍ നടത്തിയ പഠനം വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഓരോ വ്യക്തികളുടെയും വീടും ഹൈവേയും തമ്മിലുള്ള ദൂരം, നേരിട്ട വായുമലിനീകരണം, ശബ്ദമലിനീകരണം എന്നിവയെക്കുറിച്ച് വിശദമായി പരിശോധിച്ചു. തുടര്‍ന്ന് 1999-2003 കാലഘട്ടത്തില്‍ നടത്തിയ ഫോളോ അപ്പ് പഠനത്തിലാണ് ഇവരില്‍ 13,170 പേരില്‍ നോണ്‍ അല്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യ, 4201 പേരില്‍ പാര്‍ക്കിന്‍സണ്‍സ് രോഗം, 1277 പേരില്‍ അല്‍ഷൈമേഴ്‌സ് രോഗം, 658 പേരില്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് രോഗവും കണ്ടെത്താനായത്.
 
ഹൈവേയോട് ചേര്‍ന്ന് ജീവിച്ചവരില്‍ നോണ്‍ അല്‍ഷൈമേഴ്‌സ് ഡിസീസ് 14 ശതമാനവും പാര്‍ക്കിന്‍സണ്‍സ് ഡിസീസ് ഏഴുശതമാനവും മറ്റുള്ളവരേക്കാള്‍ വര്‍ധിച്ചുവെന്നും പഠനത്തില്‍ വ്യക്തമായി. 

കൂടുതല്‍ പച്ചപ്പിനോടും പ്രകൃതിയോടും ചേര്‍ന്ന ജീവിക്കുന്നവര്‍ ശാരീരികമായും മാനസികമായും കൂടുതല്‍ ആക്ടീവായിരിക്കുമെന്നും അവര്‍ സമൂഹവുമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നവരായിരിക്കുമെന്നും പഠനസംഘം വ്യക്തമാക്കി. 

Content Highlights: living near highways linked to higher dementia risk, health