ചെന്നൈ: പഞ്ചസാരയാണെന്ന് കരുതി ബ്ലീച്ചിങ് പൗഡർ കഴിച്ച് അന്നനാളം തകരാറിലായ പെൺകുട്ടി സർക്കാർ ആശുപത്രിയിലെ വിദഗ്ധചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. തുടർചികിത്സയ്ക്കും മറ്റുമായി കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ സഹായധനം നൽകി. തെങ്കാശി ജില്ലയിലെ മേലൂർ സ്വദേശികളാണ് പെൺകുട്ടിയും കുടുംബവും.

കുറച്ചുമാസങ്ങൾക്ക് മുമ്പ് വീട്ടിൽ കളിക്കുന്നതിനിടെയാണ് കുട്ടി ബ്ലീച്ചിങ് പൗഡർ കഴിച്ചത്. ഭക്ഷണം കഴിക്കാനാകാതെ വന്ന കുട്ടിയെ തെങ്കാശിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ വലിയ ഫലമുണ്ടായില്ല. തുടർചികിത്സ തേടുന്നതിന് പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന്റെ ദുരവസ്ഥ മാധ്യമങ്ങൾ വാർത്തയാക്കിയതോടെ ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഇടപെട്ടു. ചെന്നൈ എഗ്മോറിലെ കുട്ടികളുടെ ആശുപത്രിയിൽ മന്ത്രി പെൺകുട്ടിക്ക് വിദഗ്ധചികിത്സ ലഭ്യമാക്കി.

ഇതിനിടെ പെൺകുട്ടിക്ക് സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അഞ്ചുമാസം നീണ്ട ചികിത്സകൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത പെൺകുട്ടിക്കൊപ്പം കുടുംബം കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് നന്ദിയറിച്ചു. അപ്പോഴാണ് സഹായധനത്തിന്റെ ചെക്ക് മുഖ്യമന്ത്രി കൈമാറിയത്. മെഡിക്കൽ സംഘത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ, വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Little girl from consumed bleaching powder by mistake