ബിഹാറിലെ മുസാഫര്‍പുരില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നതിന് കാരണം കരളില്‍ ബാധിച്ച അക്യൂട്ട് എന്‍സഫലൈറ്റിസ് സിന്‍ഡ്രോം(എ.ഇ.എസ്.) ആണെന്ന് കണ്ടെത്തിക്കഴിഞ്ഞു. മരിച്ച കുട്ടികളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവു വലിയതോതില്‍ കുറവുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

സാധാരണയായി വൈറസ് ഉണ്ടാക്കുന്ന എന്‍സഫലൈറ്റിസ് പഞ്ചസാരയുടെ അളവില്‍ കുറവ് വരുത്താറില്ല. ഈ സാഹചര്യമാണ് രോഗബാധയ്ക്ക് ലിച്ചിപ്പഴവുമായി ബന്ധമുണ്ടോ എന്ന പഠനങ്ങളിലേക്ക് വഴിവെച്ചത്.

എന്‍സഫലൈറ്റിസും ഹൈപ്പോഗ്ലൈസമിക് എന്‍സഫലോപ്പതിയും

വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിക്കുന്ന രണ്ട് അവസ്ഥകളാണ് എന്‍ഫലൈറ്റിസും ഹൈപ്പോഗ്ലൈസമിക് എന്‍സഫലോപ്പതിയും.

എന്‍സഫലൈറ്റിസ് ഉള്ള കുട്ടികളില്‍ രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലായിരിക്കും. ഹൈപ്പോഗ്ലൈസമിക് എന്‍സഫലോപ്പതി ഉള്ളവരുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവു ഭീമമായ അളവില്‍ കുറവായിരിക്കും.

എം.സി.പി.ജി.: ലിച്ചിയിലെ വില്ലന്‍

ആളുകള്‍ ധാരാളമായി കഴിക്കുന്ന ലിച്ചി ഇതുവരെയും അപകടകാരിയായി പറഞ്ഞുകേട്ടിട്ടില്ല. സാധാരണ ആരോഗ്യ നിലവാരമുള്ള ഒരാള്‍ക്കു ലിച്ചി ഒരു തരത്തിലും അപകടമുണ്ടാക്കില്ല. എന്നാല്‍, പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ലിച്ചി പ്രശ്‌നമുണ്ടാക്കുന്നു.

രാത്രി ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തില്‍ പൊതുവേ ഗ്ലൂക്കോസിന്റെ അളവു കുറവായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ കരളില്‍ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനില്‍ നിന്നാണു ശരീരം രക്തത്തിലേക്ക് ഗ്ലൂക്കോസ് എടുക്കുന്നത്.

എന്നാല്‍, പോഷകാഹാരക്കുറവുള്ള ശരീരങ്ങളില്‍ ഗ്ലൈക്കോജന്റെ അഭാവത്തില്‍ ഫാറ്റി ആസിഡില്‍നിന്നുമാണ് ഗ്ലൂക്കോസ് നിര്‍മിക്കുന്നത്. ബിഹാറില്‍ മരിച്ചതും രോഗം പിടിപെട്ടതുമായ കുട്ടികളെല്ലാം പോഷകാഹാരക്കുറവുള്ളവരാണ്. ഈ ഘട്ടത്തിലാണു ലിച്ചിപ്പഴം വില്ലനാവുന്നത്.

ഫാറ്റി ആസിഡ് ഗ്ലൂക്കോസായി മാറുന്ന അവസാന ഘട്ടത്തില്‍ ലിച്ചിയില്‍ അടങ്ങിയ മീഥെലിന്‍ സൈക്ലോപ്രൊപ്പൈല്‍ ഗ്ലൈസിന്‍ (എം.സി.പി.ജി.) എന്ന ഘടകം ഈ പ്രവര്‍ത്തനത്തെ തടയുന്നു. ഈ രാസപ്രക്രിയയില്‍ ഉണ്ടാവുന്ന അമിനോ ആസിഡുകള്‍ രക്തംവഴി തലച്ചോറിലെത്തി നീര്‍വീക്കമുണ്ടാക്കുന്നു. മരണം വരെ സംഭവിക്കാം.

രാത്രി വെറുംവയറ്റില്‍ ഉറങ്ങുന്ന പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ലിച്ചിപ്പഴം അധികം കഴിക്കാതെ നോക്കുകയാണ് മരണം തടയാനുള്ള പോംവഴി.

Content Highlight: litchi fruit and acute encephalitis syndrome