ഡോ. പോളിൻ ബാബു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിക്കുന്ന കാലത്ത് അധ്യാപകനായിരുന്ന ന്യൂറോ സർജൻ ഡോ. മഹാദേവൻ, പോളിനോട് പറഞ്ഞു. “നിനക്ക് നല്ല സർജിക്കൽ ഹാൻഡ് ഉണ്ട്. ഭാവിയിൽ ഒരു സർജനാകണം”. ഗുരുവാക്ക് വരംപോലെ ഫലിച്ചപ്പോൾ പോളിൻ സർജനായി. അതും ഇന്ത്യൻ വ്യോമസേനയിൽ. ഇന്ത്യൻ സൈന്യത്തിലെ ഏക വനിതാ പ്ലാസ്റ്റിക് സർജനായി ഡോ. പോളിൻ ബാബു മാറി.
ഫെബ്രുവരിയിൽ എയർ കൊമഡോർ റാങ്കിലാണ് ഈ പാലാക്കാരി വിരമിച്ചത്. 29 വർഷത്തെ സർവീസിനിടെ, ആയിരക്കണക്കിന് ശസ്ത്രക്രിയകൾ. സ്ഫോടനങ്ങളിൽ പരിക്കേറ്റും പൊള്ളലേറ്റും അവശരായ സൈനികരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു, ആ കൈകൾ.
1993-ലാണ് വ്യോമസേനയിൽ ഡോക്ടറായത്. ജോധ്പുരിലും ഗ്വാളിയറിലും മെഡിക്കൽ ഓഫീസറായിരുന്നു. പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽനിന്ന് 2000-ൽ സർജറിയിൽ സ്പെഷ്യലൈസേഷനും 2008-ൽ പ്ലാസ്റ്റിക് സർജറിയിൽ സൂപ്പർ സ്പെഷ്യലൈസേഷനും പൂർത്തിയാക്കി.
വെല്ലുവിളികളുടെ സൈനിക ജീവിതം
“അസമിലെ ജെറാത് എയർഫോഴ്സ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജനായിരിക്കെ, വടക്കുകിഴക്കൻ മേഖലയിൽ മൈൻ പൊട്ടിത്തെറിച്ച് കൈകാലുകളറ്റ ഒട്ടേറെ സൈനികരെ ചികിത്സിച്ചു. അവരെ തുടർന്നും സേവനത്തിന് പ്രാപ്തരാക്കുകയോ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയോ ആയിരുന്നു ദൗത്യം.
പുണെ എ.എഫ്.എം.സി.യിലുള്ളപ്പോഴാണ് ഭുജിൽ ഭൂകമ്പമുണ്ടാകുന്നത്. നൂറുകണക്കിനാളുകളെയാണ് കൈയും കാലും അറ്റനിലയിൽ എത്തിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് മുൻ സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം. അന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്‌പിറ്റലിലായിരുന്നു ഡോക്‌ടർ. റാവത്തിനൊപ്പമുണ്ടായിരുന്ന സൈനികൻ വരുൺ സിങ്ങിനെ അവിടെയെത്തിക്കുമ്പോൾ 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. കാഡാവറിക് സ്കിൻ (മരിച്ചവരുടെ ശരീരത്തിലെ തൊലി) ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. അഞ്ചുദിവസം പരിചരിച്ചെങ്കിലും രക്ഷിക്കാനായില്ല’’-ഡോക്‌ടർ പറഞ്ഞു.
സേവനത്തിന് സൈനിക ബഹുമതി
2018-ൽ ഗോരഖ്പുർ ആശുപത്രിയിൽ കമാൻഡിങ് ഓഫീസറായിരിക്കെ, വാഹനാപകടത്തിൽ തലയ്‌ക്ക് പരിക്കേറ്റ സൈനികനെ ന്യൂറോസർജറി ചെയ്‌താണ് രക്ഷിച്ചത്. കൊച്ചി മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ ന്യൂറോ സർജറിയിൽ പ്രാക്‌ടീസ് ചെയ്തിരുന്നു. ആ പരിചയംവെച്ചാണ് അതിന് മുതിർന്നത്. ഫിലിപ്പീൻസിൽനിന്നുള്ള നാവികസേനാ കപ്പൽ ഒരിക്കൽ കൊച്ചിയിൽ എത്തിയപ്പോൾ എൻജിന് തീപിടിച്ച് നാവികന് ഗുരുതര പൊള്ളലേറ്റു. മൂന്നു മാസത്തെ ചികിത്സയ്ക്കൊടുവിൽ പൂർവസ്ഥിതിയിലാക്കിയത് രാജ്യത്തിന് അഭിമാനകരമായ നേട്ടമായി അധികൃതർ വിലയിരുത്തി.
ഇനി സേവനം ജന്മനാട്ടിൽ
വിരമിച്ചശേഷം ഇപ്പോൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലാണ് 59-കാരിയായ ഡോ. പോളിന്റെ സേവനം. മൂന്നിലവ് കൊച്ചത്തൊന്നിൽ പരേതനായ കെ.ടി.ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ഭർത്താവ് റിട്ട.ഗ്രൂപ്പ് ക്യാപ്‌റ്റൻ ബാബു ജോസഫ് എയർഫോഴ്‌സിൽ എൻജിനീയറായിരുന്നു. മക്കളായ ഡയാനയും ദിവ്യയും എം.ബി.ബി.എസ്. പൂർത്തിയാക്കി എം.ഡി. പഠനത്തിന് തയ്യാറെടുക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..