കോവിഡ് മഹാമാരി മനുഷ്യന്റെ ജീവിതദൈര്‍ഘ്യത്തെയും ബാധിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യക്കാരില്‍ ആയുര്‍ദൈര്‍ഘ്യം (Life expectancy at Birth) രണ്ടു വര്‍ഷമാണ് കുറച്ചതെന്ന് മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (ഐ.ഐ.പി.എസ്.)നടത്തിയ പഠനത്തില്‍ പറയുന്നു. 

സ്ത്രീ-പുരുഷന്‍മാരിലെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി ഐ.ഐ.പി.എസ്. അസിസ്റ്റന്റ് പ്രൊഫസര്‍ സൂര്യകാന്ത് യാദവ് പറയുന്നു. സ്ത്രീകളില്‍ 2019 ല്‍ 72 വയസ്സും പുരുഷന്‍മാരില്‍ 69.5 വയസ്സുമായിരുന്നു ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ 2020 ല്‍ ഇത് സ്ത്രീകളില്‍ 69.8 വയസ്സും പുരുഷന്‍മാരില്‍ 67.5 വയസ്സുമായി എന്ന് പഠനത്തില്‍ പറയുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ മോര്‍ട്ടാലിറ്റി പാറ്റേണ്‍ ഭാവിയിലും മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ എത്ര വര്‍ഷം ജീവിച്ചിരിക്കുമെന്നതിന്റെ ഏകദേശ കണക്കിനെയാണ് ലൈഫ് എക്‌സ്‌പെക്റ്റന്‍സ് അറ്റ് ബെര്‍ത്ത് എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. 

പുരുഷന്‍മാരില്‍ കോവിഡ് കൂടുതല്‍ ബാധിച്ചത് 35-69 പ്രായത്തില്‍പ്പെട്ടവരെയാണെന്നും ഇവരിലെ മരണനിരക്ക് കൂടിയതാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുവരാന്‍ ഇടയാക്കിയതെന്നും പഠനത്തില്‍ പറയുന്നു. 

145 രാജ്യങ്ങളിലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡിയില്‍ നിന്നുള്ള ഡാറ്റ, കോവിഡ് ഇന്ത്യ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ ഫേസ്(എ.പി.ഐ.) പോര്‍ട്ടല്‍ ഡാറ്റ എന്നിവ വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തിലെത്തിയത്. 

കഴിഞ്ഞ ദശകത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതില്‍ നാം നേടിയെടുത്ത എല്ലാ പുരോഗതിയും തുടച്ചു നീക്കപ്പെടുകയാണ് കോവിഡ് മൂലമുണ്ടായതെന്ന് സൂര്യകാന്ത് യാദവ് പറയുന്നു. ഇപ്പോള്‍ രാജ്യത്തെ ജനനസമയത്തെ ആയുര്‍ദൈര്‍ഘ്യം (Life expectancy at Birth) 2010 ലേതിന് തുല്യമായ അവസ്ഥയാണ്. ഇത് തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: Life expectancy in India drops by 2 years due to Covid19 pandemic- Report, Health, Covid19