51 പേര്‍ക്ക് എലിപ്പനി രോഗബാധ; വയനാട്‌ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം


വയനാട്ടിലെ ഏറ്റവും പ്രധാന പകര്‍ച്ചവ്യാധി.

പ്രതീകാത്മക ചിത്രം | വര: ബിനോജ് പി.പി.

കല്പറ്റ: വയനാട്‌ ജില്ലയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. മക്കിയാട് പാലേരി കോളനിയിലെ നാല്പതുകാരനാണ് കഴിഞ്ഞദിവസം മരിച്ചത്. ഈ വര്‍ഷം നാലുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 51 പേര്‍ക്ക് ഇതുവരെ രോഗബാധയുണ്ടായി. ബുധനാഴ്ച മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുെട എണ്ണം 131 ആയി.

ജില്ലയില്‍ റിപ്പോര്‍ട്ടുചെയ്യുന്ന ഏറ്റവും പ്രധാനമായ പകര്‍ച്ചവ്യാധിയാണ് എലിപ്പനി. മലിനമായ മണ്ണ്, വെള്ളം എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനിയുണ്ടാകുന്നത്. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാധ്യതയുണ്ട്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണമെന്ന് ഡി.എം.ഒ. ഡോ. കെ. സക്കീന പറഞ്ഞു. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി കിട്ടും.

എന്താണ് എലിപ്പനി?

ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ്. രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കംവരുന്നവര്‍ക്കാണ് രോഗംപകരുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കും.

രോഗലക്ഷണങ്ങള്‍

• പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും.

• കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന

• കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക,

• മൂത്രം മഞ്ഞനിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

• ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണെന്ന് സംശയിക്കണം.

• മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി എന്നിവയും ഉണ്ടാവാം.

• ചിലര്‍ക്ക് വയറുവേദന, ഛര്‍ദി, വയറ്റിളക്കം, ത്വക്കില്‍ ചുവന്നപാടുകള്‍ എന്നിവ ഉണ്ടാവാം.

• എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാവുക എന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാവാം.

പ്രശ്‌നമാണ് മലിനജലം

• മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ശുചീകരണത്തൊഴിലാളികളും വെള്ളത്തിലിറങ്ങുന്ന സന്നദ്ധപ്രവര്‍ത്തകരും കൈയുറ, മുട്ടുവരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുക.

• കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

• വെള്ളത്തിലിറങ്ങിയാല്‍ കൈയും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

• മലിനജലവുമായി സമ്പര്‍ക്കംവരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ടുഗുളിക) കഴിക്കണം.

• എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം. സ്വയംചികിത്സ അരുത്.

Content Highlights: Leptospirosis spreading in Wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented