കോവിഡിനു പിന്നാലെ ആശങ്കയുയര്‍ത്തി എറണാകുളം ജില്ലയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും വൈറല്‍ പനിയും കൂടുന്നു. അതില്‍, എലിപ്പനി സ്ഥിരീകരണ നിരക്ക് മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ്. ഈ വര്‍ഷം 304 സംശയിക്കപ്പെടുന്ന കേസുകളും 133 സ്ഥിരീകരിച്ച എലിപ്പനി കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാല് മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. 19 മരണം എലിപ്പനി മൂലമാണെന്ന് കരുതുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മൊത്തം 40 എലിപ്പനി കേസുകളും സ്ഥിരീകരിക്കാത്ത 301 കേസുകളുമാണ് ഉണ്ടായിരുന്നത്. രണ്ട് മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. 11 മരണം സ്ഥിരീകരിച്ചിട്ടില്ല.

രോഗാണുവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റു വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പടരുന്നത്. അതിനിടെ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവയും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ കോവിഡിന്റെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ കൂടി ലക്ഷണമാണ്.

ReadMore: പ്രളയബാധിത മേഖലകളില്‍ എലിപ്പനി പടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ReadMore: ഡെങ്കി വൈറസ് അഞ്ച് തരത്തില്‍; കേരളം ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ട് ആകുമോ?

ചികിത്സ തേടാന്‍ വൈകുന്നു

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങള്‍ എല്ലാംതന്നെ പ്രതിരോധ മരുന്ന് കഴിക്കാതെയും യഥാസമയം ചികിത്സ തേടാത്തതുമാണ്. രോഗ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നതുവരെ മലിനജലത്തില്‍ സമ്പര്‍ക്കം വരുന്ന ജോലികള്‍ ചെയ്യാതിരിക്കണം. വെള്ളക്കെട്ടിലിറങ്ങുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും കട്ടി കൂടിയ റബ്ബര്‍ കാലുറകളും ൈകയുറകളും ധരിക്കണം. പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനി ലക്ഷണം.

ഡെങ്കിപ്പനി ലക്ഷണങ്ങള്‍

രോഗാണു ശരീരത്തിലെത്തിയാല്‍ രണ്ട് മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. തലവേദന, പേശിവേദന, കടുത്ത പനി, ക്ഷീണം, ഛര്‍ദി, നിര്‍ജലീകരണം, മനം പുരട്ടല്‍, ശരീരവേദന, കണ്ണിനു പുറകില്‍ വേദന, പനി തുടങ്ങി കുറച്ചു ദിവസത്തിനുള്ളില്‍ ശരീരത്തില്‍ ചുവന്ന പാടുകള്‍.

എലിപ്പനി ബാധിതര്‍ (2021 ഇതുവരെ)

സംശയിക്കുന്ന കേസുകള്‍-312
സ്ഥിരീകരിച്ചവ-135
സംശയിക്കുന്ന മരണം-19
സ്ഥിരീകരിച്ചത്-5

ഡെങ്കിപ്പനി ബാധിതര്‍ (2021 ഇതുവരെ)

സംശയിക്കുന്ന കേസുകള്‍-1483
സ്ഥിരീകരിച്ചവ-839
സംശയിക്കുന്ന മരണം-4
സ്ഥിരീകരിച്ചത്-3

കൊതുക് പെരുകുന്നു, ഡെങ്കിയും

ഈ വര്‍ഷം 1483 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 839 കേസുകള്‍ സ്ഥിരീകരിച്ചവയാണ്. മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മരണങ്ങള്‍ ഡെങ്കിയെന്ന് സംശയിക്കുന്നവയാണ്.

ഈഡിസ് ഈജിപ്തി വിഭാഗത്തില്‍ പെട്ട കൊതുകുകളുടെ കടിയേല്‍ക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.

കൊതുകുകളെ തുരുത്താന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് 'തോട്ടങ്ങളിലേക്ക് നീങ്ങാം' എന്ന പ്രചരണം നടത്തിയിരുന്നു.

എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ പ്രവര്‍ത്തനം ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ല. വീടുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക എന്നതാണ് കൊതുകു നിവാരണത്തിനുള്ള പ്രതിവിധി.

ഡോക്സി കോര്‍ണര്‍

ആരോഗ്യ സ്ഥാപനങ്ങള്‍ ഹൈ റിസ്‌കില്‍ ഉള്ള വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ക്ഷീര കര്‍ഷകര്‍, തൊഴിലുറപ്പുകാര്‍, അറവു ശാലകളില്‍ ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍, തോടുകളിലും കുളങ്ങളിലും മീന്‍പിടിത്ത ജോലികള്‍ ചെയ്യുന്നവര്‍, കക്ക വാരല്‍ തൊഴിലാളികള്‍ എന്നിവരെയാണ് പെടുത്തിയിരിക്കുന്നത്. വാര്‍ഡ്-ഡിവിഷന്‍ തലത്തില്‍ ഇവരെ കണ്ടെത്തി എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ നല്‍കുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഡോക്സി കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മരുന്ന് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

Content Highlights: Leptospirosis, Dengue fever and viral fever spreads in Kochi, Health