Representative Image| Photo: Canva.com
കൊല്ലം: ദേശീയ കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അശ്വമേധം പദ്ധതിയുടെ അഞ്ചാംഘട്ടം വ്യാഴാഴ്ച തുടങ്ങാനിരിക്കേ ജില്ലയിൽ 64 രോഗബാധിതരെന്ന് ആരോഗ്യവകുപ്പ്. നിലവിൽ രോഗപ്പകർച്ചസ്വഭാവം കൂടിയ 21 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ കുട്ടികളും അതിഥിത്തൊഴിലാളികളും ഉൾപ്പെടുന്നു. രണ്ടുവയസ്സുമുതലുള്ള കുട്ടികളിൽ ‘ബാലമിത്ര’ എന്ന പേരിൽ നടത്തിയ പരിശോധനയിലൂടെയാണ് കുട്ടികളിലും രോഗബാധിതരെ കണ്ടെത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ പരിശോധന ക്യാമ്പിലാണ് കൂടുതൽപേരെ കണ്ടെത്തിയത്. കഴിഞ്ഞവർഷം ജില്ലയിൽ 16 രോഗബാധിതരാണ് ഉണ്ടായിരുന്നത്.
കുഷ്ഠരോഗബാധിതരെ കണ്ടെത്തി കഴിവതും നേരത്തേ ചികിത്സ നൽകുന്നതിനും അംഗവൈകല്യമുണ്ടാകുന്നതു തടയുന്നതിനും രോഗപ്പകർച്ച ഒഴിവാക്കുന്നതിനുമാണ് അശ്വമേധം പദ്ധതി ആരംഭിച്ചത്. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അശ്വമേധം 5.0 ലെപ്രസി കേസ് ഡിറ്റക്ഷൻ കാമ്പെയിന് ജില്ലയിൽ വ്യാഴാഴ്ച തുടക്കമാകും. ഗൃഹസന്ദർശനത്തിലൂടെ കുഷ്ഠരോഗബാധിതരെ കണ്ടെത്തി ചികിത്സ നൽകുകയാണ് 31 വരെ സംഘടിപ്പിക്കുന്ന കാമ്പെയിന്റെ ലക്ഷ്യം. 3030 ടീമുകളിലായി 6060 വൊളന്റിയർമാരെയാണ് പരിശീലനം നൽകി നിയോഗിച്ചിട്ടുള്ളത്.
എങ്ങനെ പകരും?
മൈക്കോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിലൂടെ രോഗം പകരാം. ചികിത്സ സ്വീകരിക്കാത്ത രോഗിയുമായുള്ള സ്പർശനത്തിലൂടെയും രോഗം പകരാം. രോഗാണു ഒരാളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ശരാശരി മൂന്നുമുതൽ അഞ്ചുവർഷം വരെ എടുക്കുന്നു. രോഗം വായുവിലൂടെ പകരുമെങ്കിലും സമൂഹത്തിലെ 95 ശതമാനം പേരും ഈ രോഗാണുവിനേട് പ്രതിരോധശേഷി ആർജിച്ചവരാണ്.
ലക്ഷണങ്ങൾ
സ്പർശനശേഷി കുറഞ്ഞ, നിറംമങ്ങിയതോടെ ചുവന്നതോ ആയ പാടുകൾ. സേഫ്റ്റി പിൻപോലെയുള്ളവ കൊണ്ടു ചെറുതായി കുത്തിയാലും വേദന അനുഭവപ്പെടില്ല. ചില അടയാളങ്ങൾ ചെറിയ നാണയത്തിന്റെ വലുപ്പത്തിൽ വരെ ഉണ്ടാകും. കൈയിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും വേദനയുള്ളതും വീർത്തു തടിച്ചതുമായ നാഡികൾ എന്നിവയും കുഷ്ഠത്തിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ
നേരത്തേ രോഗം കണ്ടുപിടിച്ചവരിൽ വൈരൂപ്യങ്ങളും അംഗവൈകല്യങ്ങളും സംഭവിക്കുന്നതിനു മുമ്പുതന്നെ ചികിത്സിച്ചു ഭേദമാക്കാം. സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ലഭ്യമാണ്.
Content Highlights: leprosy eradication programme aswamedham phase 5 begins
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..