ഏറ്റവും ഭാരമേറിയ ഗർഭപാത്രം keyhole surgery വഴി remove ചെയ്തു ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അടൂർ lifeline ആശുപത്രിയിലെ laparoscopic സർജൻ ഡോ സിറിയക് പാപ്പച്ചൻ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് Adjudicator, ശ്രീ എ ആർ സാഗരിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു. Lifeline ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ, ഏഷ്യ ബുക്ക് ഓഫ് റെ്കോർഡ്സ് curator ശ്രീ പ്രേജീഷ് നിർഭയ, lifeline ആശുപത്രി chief executive officer ഡോ ജോർജ് Chackacherry, റെവ. A K Joseph എന്നിവരാണ് സമീപം.
താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ(ലാപ്പറോസ്കോപ്പി) 4.420 കിലോഗ്രാം ഭാരമുള്ള ഗർഭാശയം നീക്കം ചെയ്തു ലോക റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോ.സിറിയക് പാപ്പച്ചൻ. നീണ്ട ആറുമണിക്കൂർ എടുത്ത് നാല് താക്കോൽ ദ്വാരങ്ങൾ വഴിയാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ നടത്തിയത്. സാധാരണ ഗർഭപാത്രത്തിന്റെ വലിപ്പം 60-70 ഗ്രാം മാത്രമേ വരികയുള്ളു എന്നിരിക്കെയാണ് ഇത്രയും ഭാരമുള്ളത് നീക്കം ചെയ്യാനായത്.
റിപ്പോർട്ടുകൾ പ്രകാരം ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ 2009ൽ ലാപ്പറോസ്കോപ്പി വഴി നീക്കം ചെയ്ത 3.96 കിലോഗ്രാമിന്റെ ഗർഭപാത്രം നീക്കം ചെയ്തതാണ് നിലവിലെ ലോക റെക്കോഡ്. അഞ്ചു മണിക്കൂറെടുത്ത് ആറു താക്കോൽ ദ്വാരങ്ങൾ വഴിയാണ് സർജറി നടത്തിയത്. അതുവരെ 2008ൽ രണ്ട് അമേരിക്കൻ സർജൻമാർ നീക്കം ചെയ്ത 3.2 കിലോഗ്രാമിന്റെ ഗർഭപാത്രം ആണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചിരുന്നത്.
2022 ഡിസംബർ മാസം 29ാം തീയതിയാണ് ഈ അത്യപൂർവ ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കാൻ തടസ്സവുമായി അടുത്തുള്ള ആശുപത്രിയിൽ പോവുകയും തുടർന്ന് മൂത്രം പോകുവാൻ ട്യൂബ് ഇട്ട നിലയിലായിരുന്നു തലേദിവസം 45 വയസ്സുള്ള പത്തനംതിട്ട ജില്ലക്കാരിയായ ഷാന്റി ജോസഫ് എന്ന യുവതി ഡോ.സിറിയക്കിനെ സമീപിച്ചത്.
തുടർന്നുള്ള പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ ഒമ്പതുമാസം വരുന്ന ഗർഭസ്ഥ ശിശുവിന്റെ വലിപ്പമുള്ള ഫൈബ്രോയ്ഡ് യൂട്രസ് ആണെന്ന കാര്യം കണ്ടെത്തിയത്. വയറുകീറി ശസ്ത്രക്രിയ ചെയ്യുകയാണെങ്കിൽ നെഞ്ചിൻകൂടിന്റെ അടിഭാഗം മുതൽ അടിവയർ വരെ കീറിമുറിച്ചു മാത്രമേ ഇത്രയും വലിപ്പമുള്ള യൂട്രസ് നീക്കം ചെയ്യുവാൻ സാധ്യമാവൂ. അത്തരത്തിലുള്ള ഒന്ന് ഒഴിവാക്കിയാണ് ഡോ.സിറിയക്കിന്റെ നേതൃത്വത്തിൽ ഇത്രയും വലിപ്പമുള്ള യൂട്രസ് കീ ഹോൾ വഴി നീക്കം ചെയ്തത്. യുവതി സർജറിക്ക് ശേഷം പൂർണ ആരോഗ്യവതിയായിരിക്കുന്നു.
വളരെ ചെറിയ മുറിവുകളേ ഉണ്ടാകുന്നുള്ളു എന്നതിനാൽ രക്തസ്രാവം ഉണ്ടാകുന്നില്ല എന്നതും ചുരുങ്ങിയ ആശുപത്രിവാസമേ വേണ്ടി വരുകയുള്ളു എന്നതും ഹോൾ സർജറിയുടെ പ്രധാന പ്രത്യേകതകളാണ്. അതിവേഗം ദൈനംദിന ജോലികളിൽ തിരികെ ഏർപ്പെടാം എന്നതും ഡയബറ്റിസ്, ഹെർണിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ഏറ്റവും ഉത്തമമാണ് എന്നതും താക്കോൽദ്വാര ശസ്ത്രക്രിയയെ മികച്ചതാക്കുന്നു.
ഡോ. റോഷിനി സുഭാഷ്, ഡോ.കൂതൻ യു.ടി., ഡോ.നിർപിൻ ക്ലീറ്റസ്, ഡോ. സബീന സാവന്ത്, ഡോ.ശ്രീലത, ഡോ. മാത്യു കുഞ്ഞുമ്മൻ എന്നിവരും സ്റ്റാഫ് നഴ്സുമാരായ ഷീനാ മാത്യു, സാംസി സെബാസ്റ്റ്യൻ എന്നിവരും സർജറിയിൽ പങ്കാളികളായി.
Content Highlights: largest uterus removed through keyhole surgery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..