ഗുജറാത്തിലെ ജാംനഗറിൽ ഡബ്ള്യു.എച്ച്.ഒ. നിർമിക്കുന്ന പരമ്പരാഗത ഔഷധകേന്ദ്രത്തിൻറെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്, ഡബ്ള്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥ്നോം ഗബ്രിയേസൂസ് എന്നിവരുമായി കൈകോർത്തപ്പോൾ | Photo: A.N.I
അഹമ്മദാബാദ്: പരമ്പരാഗത ചികിത്സാരീതികള്‍ക്കുള്ള ആഗോളകേന്ദ്രം ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പാരമ്പര്യവൈദ്യത്തിന്റെ യുഗത്തിലേക്ക് ലോകം പ്രവേശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസൂസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ ജുഗ്‌നൗത് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍ ആഗോളപരമ്പരാഗത ഔഷധകേന്ദ്രത്തിന് മോദി തറക്കല്ലിട്ടു. ബംഗ്‌ളാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ പ്രധാനമന്ത്രിമാര്‍ ഓണ്‍ലൈന്‍ വീഡിയോയിലൂടെ ആശംസനേര്‍ന്നു.
പരമ്പരാഗത വൈദ്യത്തിനുള്ള ഡബ്‌ള്യു.എച്ച്.ഒ.യുടെ ആദ്യത്തെ കേന്ദ്രമാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ജാംനഗറിലെ ആയുര്‍വേദ ഗവേഷണകേന്ദ്രത്തില്‍ താത്കാലികമായി പ്രവര്‍ത്തനം തുടങ്ങും. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ 35 ഏക്കറിലാണ് കേന്ദ്രം നിര്‍മിക്കുന്നത്. ഇതിനായി പത്തുവര്‍ഷംകൊണ്ട് 1900 കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ മുടക്കുമെന്നാണ് കരാര്‍. ഈ വലിയ ഉത്തരവാദിത്വം ഇന്ത്യക്ക് നല്‍കിയതില്‍ മോദി നന്ദിപറഞ്ഞു. ''ഇത് മാനവരാശിയോടുള്ള ഭാരതത്തിന്റെ കടപ്പാടാണ്. ലോകമെമ്പാടും പാരമ്പര്യചികിത്സയുടെ സേവനം ലഭ്യമാക്കാന്‍ അവസരമൊരുങ്ങും. ആയുര്‍വേദമെന്നത് സാമൂഹികാരോഗ്യം, മാനസികാരോഗ്യം, പാരിസ്ഥിതികാരോഗ്യം, സ്‌നേഹം, സന്തോഷം, കര്‍മോന്മുഖത എന്നിവ ചേരുന്നതാണ്. രോഗമകന്നുനില്‍ക്കുന്ന സൗഖ്യമാണ് ലക്ഷ്യം.'' -മോദി വിശദീകരിച്ചു. 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ നിര്‍ദേശം സ്വീകരിച്ചതിന് ഐക്യരാഷ്ട്ര സംഘടനയോട് പ്രധാനമന്ത്രി നന്ദിയറിയിച്ചു.
ജി.സി.ടി.എം. ആഗോള പദ്ധതിയാണെന്നും ലോകം ഇന്ത്യയിലേക്കും ഇന്ത്യ ലോകത്തേക്കും പ്രവേശിക്കുന്ന വാതിലായിരിക്കുമെന്നും ടെഡ്രോസ് ഗബ്രിയേസൂസ് പറഞ്ഞു. തെളിവുകളിലൂടെ സാധൂകരിക്കപ്പെട്ട പരമ്പരാഗത ചികിത്സകളെ ശാസ്ത്രത്തിന്റെ സഹായത്തോടെ ശാക്തീകരിക്കാന്‍ കേന്ദ്രം വഴിയൊരുക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, സര്‍ബാനന്ദ സോനോവാള്‍, മഹിന്ദ്ര മുഞ്ചുപാര എന്നിവരും സംബന്ധിച്ചു.
Content Highlights: traditional medicine center, world health oraganization, health, narendra modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..