വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു


രോഗം സ്ഥിരീകരിച്ചത് തിരുനെല്ലി സ്വദേശിക്ക്

പ്രതീകാത്മക ചിത്രം | വര: എൻ.എൻ. സജീവ്‌മാതൃഭൂമി

കല്പറ്റ: വയനാട്ടിലെ ഈവര്‍ഷത്തെ ആദ്യ കുരങ്ങുപനി കേസ് (ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) തിരുനെല്ലി പഞ്ചായത്തിലെ 24-കാരന് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിന് പനിയും ശരീരവേദനയും അനുഭവപ്പെട്ടതോടെ അപ്പപ്പാറ സി.എച്ച്.സി.യില്‍ ചികിത്സ തേടുകയായിരുന്നു. കുരങ്ങുപനി സംശയിച്ചതോടെ വയനാട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ 21 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ ആര്‍ക്കും കുരങ്ങുപനി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മുന്‍കരുതല്‍ ഒരുമാസംമുമ്പേ തുടങ്ങി

ഒരുമാസംമുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതുമുതല്‍ത്തന്നെ ജില്ലയിലും മുന്‍കരുതല്‍നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പരിശോധനയില്‍ അപ്പപ്പാറ, ബേഗൂര്‍ ഭാഗങ്ങളില്‍ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, വനത്തിന് പുറത്തുനിന്ന് ശേഖരിച്ച ചെള്ളുകളില്‍ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ഡിസംബര്‍മുതല്‍ ജൂണ്‍വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

എന്താണ് കുരങ്ങുപനി

1957-ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളുടെ കൂട്ടത്തോടെയുള്ള മരണം കാരണം നാട്ടുകാര്‍ കുരങ്ങുപനി എന്നുവിളിച്ചു. ക്യാസനോര്‍ വനമേഖലയില്‍നിന്ന് ആദ്യമായി വൈറസിനെ വേര്‍തിരിച്ചെടുത്തതിനാല്‍ 'ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്' എന്നു പേരുവന്നു.

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതുപകരുന്നു.

ജാഗ്രതപുലര്‍ത്താം

  • കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
  • വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ളുകടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളംനിറത്തിലുള്ള നീണ്ടവസ്ത്രങ്ങള്‍ ധരിക്കണം.
  • വസ്ത്രത്തിനുപുറമേയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുന്നതും ഗുണംചെയ്യും.
  • വനത്തില്‍നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചില്ലെന്നുറപ്പാക്കണം.
  • വനത്തില്‍പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്നുപയോഗിക്കണം. ഇത് മൃഗാശുപത്രികളില്‍ കിട്ടും.
  • കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ത്തന്നെ ഡോക്ടറുടെ ഉപദേശം തേടുക.
  • വനത്തില്‍പോയവര്‍ അക്കാര്യം ഡോക്ടറോട് പറയാന്‍ ശ്രദ്ധിക്കണം.
  • വനത്തില്‍പോയി തിരിച്ചുവന്നാല്‍ ഉടന്‍ കുളിക്കുന്നത് കുരങ്ങുപനി പിടിപെടാതിരിക്കുന്നതിന് സഹായിക്കും.
Content highlights: kyasanur forest disease agian confirmed in wayanad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented