കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ സുജാതയെ കാണാനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്
കോട്ടയം : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിജയകരമായി പൂർത്തിയാക്കി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി മുഴുവന്‍ ടീമിനേയും അഭിനന്ദിച്ചു. ഒപ്പം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വയനാട് സ്വദേശി സുജാതയെ (52) മന്ത്രി നേരില്‍ കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കല്‍ കോളേജിലെ ടീം അംഗങ്ങളും ചേര്‍ന്ന് യാത്രയാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതോടെ നാലു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകകളാണ് വിജയിച്ചത്.
ഏപ്രില്‍ 25നാണ് സുജാതയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകം പേര്‍ക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ദാനം നല്‍കിയത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും സുജാതയുള്‍പ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രതീക്ഷയായത്.
സംസ്ഥാനത്ത് സർക്കാർ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീർണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതൽ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട്.
ഇതുവരെ സർക്കാർ ആരോഗ്യമേഖലയിൽ സാധ്യമല്ലാതിരുന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരൾ നൽകിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം കൂടിയാണിത്.
കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ടി.വി. മുരളി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷീല വര്‍ഗീസ്, റേഡിയോളജി വിഭാഗം മേധാവി ഡോ. സജിത, മെഡിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. സന്ദേശ്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. രതീഷ് കുമാര്‍, സര്‍ജറി വിഭാഗം ഡോ. സന്തോഷ് കുമാര്‍, മറ്റ് ഡോക്ടര്‍മാര്‍, നഴ്‌സിംഗ് ടീം, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി.
Content Highlights: Kottayam medical college transplants liver of brain-dead person


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..