Navis
നേവിസ് സാജൻ മാത്യു

കോഴിക്കോട്: കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് മൂന്നുമണിക്കൂർ ഏഴുമിനിറ്റുകൊണ്ട്‌ കെ.എൽ. 11 എ.യു. 7346 നമ്പർ ആംബുലൻസ് പറപറന്നു. അതിൽ ഐസ് ബോക്സിൽ പ്രേംചന്ദിൽ തുന്നിച്ചേർക്കാനുള്ള നേവിസിന്റെ ഹൃദയമുണ്ടായിരുന്നു.

എറണാകുളം രാജഗിരി ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച കോട്ടയം വടവത്തൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ നേവിസിന്റെ (25) ഹൃദയവുംവഹിച്ച് വാഹനം ശനിയാഴ്ച 7.22-ന് കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലെത്തി. പോലീസും ജനങ്ങളും സഹകരിച്ച കഠിനപ്രയത്നം. തൃശ്ശൂർ, കുന്നംകുളം, കോട്ടയ്ക്കൽ വഴി മെട്രോയിലെത്തുംവരെ എല്ലാവരും വഴിയൊരുക്കി വാഹനത്തെ കടത്തിവിട്ടു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം പോലീസ് ക്രമീകരണമൊരുക്കി.

ഡോ. മുസ്തഫ ജനീലിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ആംബുലൻസിലുണ്ടായിരുന്നു. ഹൃദയം എത്തിയയുടൻ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു.

മെട്രോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ സ്വദേശി പ്രേംചന്ദിനാണ് ഹൃദയം നൽകുന്നത്. ഡോ. മുഹമ്മദ് റിയാദിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയയിൽ സഹായിച്ചു. ആഴ്ച അവസാനമായതിനാൽ ഗതാഗതക്കുരുക്കും തിരക്കുമുണ്ടായിരുന്നെങ്കിലും നിശ്ചിതസമയത്ത് ലക്ഷ്യത്തിലെത്താൻ കഴിഞ്ഞത് ആശ്വാസമായെന്ന് ആംബുലൻസ് ഡ്രൈവർ കോഴിക്കോട് സ്വദേശി കെ.വി. ഷക്കീർ പറഞ്ഞു.

നേവിസ് യാത്രയായത് ഏഴുപേർക്ക് പുതുജീവിതം നൽകി

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച നേവിസ് (25) ഇനി ഏഴുപേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനംചെയ്തു.

ഹൃദയം, കരൾ, കൈകൾ, രണ്ടുവൃക്കകൾ, രണ്ടുകണ്ണുകൾ എന്നിവയാണ് ദാനംചെയ്തത്. കേരള സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാനം നടത്തിയത്. അച്ഛൻ സാജൻ മാത്യുവിനെയും അമ്മ ഷെറിനെയും സഹോദരൻ എൽവിസിനെയും മന്ത്രി വീണാ ജോർജ് സർക്കാരിന്റെ ആദരവ് അറിയിച്ചു. ഇരുകൈകളും അമൃത ആശുപത്രിയിലെ രോഗിക്കും കണ്ണ് അങ്കമാലി ലിറ്റിൽ ഫ്ലവറിലേക്കും വൃക്ക മെഡിക്കൽ ട്രസ്റ്റിലേക്കുമാണ് കൊണ്ടുപോയത്. കരൾ രാജഗിരി ആശുപത്രിയിൽവെച്ചുതന്നെ രോഗിക്ക്‌ പകുത്തുനൽകും.

ഫ്രാൻസിൽ അക്കൗണ്ടിങ് മാസ്റ്ററിന്‌ പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോൾ ഓൺലൈനായാണ് ക്ലാസ്. കഴിഞ്ഞ 16-ന് രാത്രിയുള്ള പഠനംകഴിഞ്ഞ് ഉണരാൻ വൈകിയിരുന്നു. എട്ടാംക്ലാസിൽ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ കോട്ടയം കാരിത്താസ് ആശുപത്രിയിലെത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്നം.

ആരോഗ്യനിലയിൽ മാറ്റംവരാത്തതിനാൽ 20-ന് എറണാകുളം രാജഗിരി ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന്‌ തയ്യാറായി.

കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവയവദാനപ്രക്രിയ പൂർത്തീകരിക്കുന്നത്.

Content highlights: kochi native nevis gave his six oragans to others due to brain death