കൊച്ചി: കുഞ്ഞിനെ കണ്ടപ്പോള്‍ വലിയ ആശ്വാസം തോന്നിയെന്ന് മന്ത്രി കെ.കെ. ശൈലജ. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കാസര്‍കോട് സ്വദേശികളായ മിത്താഹ്-സാനിയ ദമ്പതിമാരുടെ കുഞ്ഞിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരോടും ജീവനക്കാരോടും ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരോടും മന്ത്രി ശൈലജ നന്ദി പറഞ്ഞു.

കുഞ്ഞിന്റെ ആരോഗ്യനില വളരെയധികം മെച്ചപ്പെട്ടു. കണ്ണുകള്‍ തുറന്ന് നോക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ മുലപ്പാല്‍ നേരിട്ട് നല്‍കാമെന്ന സ്ഥിതിയായി. വളരെ ഗുരുതര സ്ഥിതിയിലാണ് അമൃതയിലെത്തിക്കുന്നത്. കുട്ടിയെ സമയത്തിനെത്തിക്കാനായി. ഹൃദയ ചികിത്സ കഴിഞ്ഞ കുട്ടികള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ 'ഹൃദ്യം' പദ്ധതി ശ്രദ്ധിക്കുമെന്നും കേരളത്തിലെ ശിശു മരണ നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഹൃദ്യം പദ്ധതിക്ക് രൂപം നല്‍കിയത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിലാണ്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 1,000-ന് 12 എന്ന നിരക്കിലായിരുന്നു ശിശുമരണ നിരക്ക്. അത് പിന്നീട് 10-ലേക്ക് കുറഞ്ഞു. 2020-ല്‍ നിരക്ക് എട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹൃദയ രോഗം മൂലമാണ് 25 ശതമാനം കുട്ടികള്‍ മരിക്കുന്നത്. രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സംവിധാനമുണ്ടാകണം. രോഗം കണ്ടെത്തിയാല്‍ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ ഏഴ് ആശുപത്രികളില്‍ ഹൃദ്യം പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. ട്യൂബിലൂടെയാണ് മുലപ്പാല്‍ നല്‍കുന്നത്. ശനിയാഴ്ചയോടെ നേരിട്ട് നല്‍കാനാകും. മറ്റ് ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് ദിവസത്തിനകം കുട്ടിക്ക് ആശുപത്രി വിടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: kk shailaja at amrita hospital