പ്രതീകാത്മക ചിത്രം | Photo: A.N.I
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം ശരിവെച്ച് സുപ്രീംകോടതി. വാക്സിന് പരീക്ഷണങ്ങളുടെ വിവിധഘട്ടങ്ങളിലെ പ്രധാന കണ്ടെത്തലുകളും ഫലങ്ങളും ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കില് അത് ചെയ്യണമെന്നും നിര്‍ദേശിച്ചു.
കുട്ടികളില്‍ നടത്തിയ കോവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ദേശീയ രോഗപ്രതിരോധ സാങ്കേതിക ഉപദേശകസംഘത്തിലെ മുന്‍ അംഗം ഡോ. ജേക്കബ് പുളിയേല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിധിപറഞ്ഞത്. ലോകാരോഗ്യസംഘടന, യൂണിസെഫ് തുടങ്ങിയ വിദഗ്ധസംഘടനകളുമായി ആലോചിച്ചാണ് കുട്ടികള്‍ക്ക് വാക്സിന് നല്കാന് തീരുമാനിച്ചതെന്നും അതിന്റെ ശരിതെറ്റുകള്‍ പരിശോധിക്കുന്നത് കോടതിയുടെ പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ബെഞ്ച് വ്യക്തമാക്കി. കോവാക്സിനും കോവിഷീല്‍ഡിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതിനല്‍കാന്‍ സര്‍ക്കാര്‍ തിടുക്കംകാട്ടിയെന്ന വാദവും കോടതി തള്ളി. വാക്സിനുകളുടെ ഉപയോഗം കാരണമുണ്ടാകുന്ന ദോഷഫലങ്ങള്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വ്യക്തികള്‍ക്കും ഡോക്ടര്‍മാര്‍ക്കും അവസരമൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സ്വകാര്യതയെ ബാധിക്കാത്തവിധം അത് പരസ്യമാക്കണമെന്നും നിര്‍ദേശിച്ചു.
വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ല
വാക്സിനെടുക്കണമെന്ന് ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം സ്വന്തംശരീരത്തില്‍ വ്യക്തിക്കുള്ള അവകാശം വാക്സിന് വേണ്ടെന്നുവെക്കാന്‍ കൂടിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇത്തരക്കാര്‍ വൈറസ്വ്യാപനത്തിന് കാരണമാകുന്ന സാഹചര്യമുണ്ടായാല്‍ വ്യക്തിഗത അവകാശത്തിന്മേല് ചില നിയന്ത്രണങ്ങള്‍ സര്‍ക്കാരിന് കൊണ്ടുവരാമെന്നും ബെഞ്ച് പറഞ്ഞു. വാക്സിനെടുക്കാത്തവരില്നിന്നാണ് വൈറസ് കൂടുതലായി പകരുകയെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളിലെ വാക്സിനേഷന്: യോഗം ഇന്ന്
അഞ്ചുമുതല്‍ 12 വരെ പ്രായക്കാര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാഷണല്‍ ടെക്നിക്കല്‍ അൈഡ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യുണൈസേഷന്‍ (എന്‍.ടി.എ.ജി.ഐ.) ബുധനാഴ്ച യോഗംചേരും. കുട്ടികളിലെ ആന്റിബോഡിയുടെ അളവ് പരിശോധിക്കാന്‍ സമിതി സിറോ സര്‍വേ നടത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ചശേഷം ആരോഗ്യമന്ത്രാലയത്തിന് സമിതി റിപ്പോര്‍ട്ട് നല്‍കും. അഞ്ചുമുതല്‍ 12 വയസ്സുവരെ പ്രായമുള്ളവരില്‍ ബയോളജിക്കല്‍ ഇ, കോര്‍ബേവാക്സ് വാക്സിനുകള്‍ ഉപയോഗിക്കാന്‍ ഡി.സി.ജി.ഐ. അനുമതി നല്‍കിയിട്ടുണ്ട്.
Content Highlights: children vaccination, covid vaccination, union government, supreme court, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..