ന്ന്  ലോക വൃക്കാര്‍ബുദ ദിനമാണ്. ലിവിങ് വെല്‍ വിത്ത് കിഡ്നി ഡിസീസ്' എന്ന വാക്യമാണ് ഈ വര്‍ഷത്തെ സന്ദേശം. ദുസ്സഹമായ വേദനയിലും അപകട ഘട്ടത്തിലുമാകുമ്പോള്‍ മാത്രമായിരുന്നു പണ്ട് വൃക്കാര്‍ബുദം കണ്ടെത്തിയിരുന്നത്. ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിച്ചതോടെ വൃക്കാര്‍ബുദത്തെ നേരത്തെ അറിയാനും രോഗമുക്തി നേടാനും സാധിക്കുന്നുണ്ട്.

പൊതുവായ ആരോഗ്യ പരിശോധനയും അള്‍ട്രാസൗണ്ട് സ്‌ക്രീനിങ്ങും വഴി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴെ കിഡ്നി കാന്‍സര്‍ തിരിച്ചറിയാമെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ റോബോട്ടിക് സര്‍ജറി യൂറോ ഓങ്കോളജി വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ഗിനില്‍ കുമാര്‍ പൂലേരി പറഞ്ഞു.

സ്ത്രീകളെക്കാള്‍ വൃക്കാര്‍ബുദത്തിന് സാധ്യത നാലു മടങ്ങ് കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. 50 വയസ്സില്‍ താഴെയുള്ളവരിലാണ് 30 ശതമാനം കിഡ്നി കാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. പുകവലിയും അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് പ്രധാന കാരണങ്ങള്‍.

സാധാരണയായി രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നതാണ് ഈ കാന്‍സറിനെ നേരത്തെ കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നത്. മൂത്രത്തില്‍ രക്തം കാണുക, മൂത്രം പിങ്ക്, ചുവപ്പ് അല്ലെങ്കില്‍ കോളയുടെ നിറത്തില്‍ കാണപ്പെടുക, നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി.. എന്നിവയൊക്കെയാണ് വൃക്കയിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടറെ സമീപിക്കാന്‍ മടിക്കേണ്ട. 

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് വൃക്കാര്‍ബുദം തടയാനുള്ള ആദ്യവഴി. പുകവലി ഉപേക്ഷിക്കുക, അമിതഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക, രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുകയും ഉപ്പ് പോലുള്ളവ നിയന്ത്രിക്കുകയും വേണം. ഒപ്പം വ്യായാമവും ശീലമാക്കാം. 

Content Highlights: Kidney cancer  day 2021 awareness and treatment