തൃശ്ശൂര്‍: കറുത്ത തൊപ്പിയില്ല. പാദം മുട്ടുന്ന കറുത്ത ഗൗണുമില്ല. പകരം കസവുതുന്നിയ വേഷങ്ങള്‍.

കേരള ആരോഗ്യസര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങ് അക്ഷരാര്‍ഥത്തില്‍ തിളങ്ങുന്നതായിരുന്നു. വിദ്യാര്‍ഥികള്‍ മാത്രമല്ല, ബിരുദദാനം നിര്‍വഹിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയതും കേരളീയവേഷത്തില്‍.

വിവിധ വിഭാഗങ്ങളിലായി 14,229 വിദ്യാര്‍ഥികള്‍ ബിരുദം ഏറ്റുവാങ്ങി. വിദ്യാര്‍ഥികള്‍ സ്ത്രീധനത്തിനെതിരേയുള്ള സമ്മതപത്രം നല്‍കുകയുംചെയ്തു. വിവിധ കോഴ്സുകളില്‍ റാങ്കുനേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചപ്പോള്‍ അവിടെ പെണ്‍കുട്ടികള്‍ക്കായിരുന്നു ആധിപത്യം.

health university
ബിരുദ ദാനചടങ്ങില്‍പങ്കെടുത്ത ബിരുദദാരികള്‍ കേരളീയ വേഷത്തില്‍ 

12 പേരില്‍ രണ്ട് ആണ്‍കുട്ടികള്‍ മാത്രം. ആദ്യ ഓണററി ഡോക്ടറേറ്റ് വിതരണവും ചടങ്ങില്‍ നടന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളേജിലെ മാനസികാരോഗ്യവിഭാഗം മേധാവി ഡോ. പോള്‍ സ്വാമിദാസ് റസ്സല്‍ ഓണററി ഡോക്ടറേറ്റ് ഗവര്‍ണറില്‍നിന്ന് ഏറ്റുവാങ്ങി.

റാങ്ക് ജേതാക്കള്‍ മാത്രമാണ് ബിരുദദാനച്ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. മറ്റുള്ളവര്‍ ഓണ്‍ലൈന്‍വഴി പങ്കെടുത്തു.

health university
ബിരുദ ദാനചടങ്ങില്‍ പ്രതിജ്ഞ എടുക്കുന്ന ബിരുദദാരികള്‍

സര്‍വകലാശാലാ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍, പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി. വിജയന്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ. എ.കെ. മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. ഡോ.എസ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.പി. രാജേഷ്, സര്‍വകലാശാലാ ഡീനുമാര്‍, വിവിധ ഫാക്കല്‍റ്റി ഡീനുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആണ്‍-പെണ്‍ ബന്ധങ്ങള്‍ ആരോഗ്യകരമാകണം: ഗവര്‍ണര്‍

ആണ്‍-പെണ്‍ ബന്ധങ്ങള്‍ ആരോഗ്യകരമാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യസര്‍വകലാശാലാ ബിരുദദാനം നിര്‍വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ 70,911 വിദ്യാര്‍ഥികള്‍ സ്ത്രീധനത്തിനെതിരേ ഗവര്‍ണര്‍ക്ക് സമ്മതപത്രം നല്‍കി.

Content Highlights: Kerala University of Health Sciences graduation ceremony traditional dress, Health