തിരുവനന്തപുരം: പ്രതീക്ഷയോടെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ കരുതലോടെ ആരോഗ്യവകുപ്പും. കുട്ടികളുടെ ശാരീരികാരോഗ്യംപോലെത്തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെയോ ദിശയുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടാം. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ഥികളെ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തണം. വിദ്യാര്‍ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഓര്‍ക്കാം ഈ കാര്യങ്ങള്‍

 • ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസ് നടത്തുക. ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്‌കൂളിലെത്താവൂ.
 • പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കോവിഡ് സമ്പര്‍ക്കപ്പട്ടികയിലുള്ളതോ ആയ ആരും സ്‌കൂളില്‍ വരരുത്.
 • മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍നിന്നിറങ്ങുക. ഇരട്ട മാസ്‌ക് അല്ലെങ്കില്‍ എന്‍-95 മാസ്‌ക് ഉപയോഗിക്കുക. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക. യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. ആഹാരം കഴിച്ചശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.
 • കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
 • അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിനു കാരണമാകും. ക്ലാസ് മുറിയിലെ ജനലും വാതിലും തുറന്നിടണം.
 • ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടംചേരലുകള്‍ ഒഴിവാക്കണം.
 • പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ പങ്കുവെക്കരുത്.
 • ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുപകരം രണ്ടുമീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കരുത്.
 • ശൗചാലയങ്ങളില്‍പോയശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
 • പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തുക. ഒന്നിലധികം പേര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗശേഷവും അണുവിമുക്തമാക്കണം.
 • രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം. രോഗലക്ഷണമുള്ളവരുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
 • ഓരോ സ്‌കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടുക. അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുക.
 • കുട്ടികളും ജീവനക്കാരുമല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
 • വീട്ടിലെത്തിയാല്‍ കുളിച്ച് വൃത്തിയായ ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
 • മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായി ഇടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.

Content Highlights: Kerala Schools opening, What to follow as schools reopen after Covid19, Health, Covid19