Representative Image| Photo:Canva.com
തിരുവനന്തപുരം: രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ H3N2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.
ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ഇൻഫ്ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും മറ്റേത് ശ്വാസകോശരോഗങ്ങളെയും പോലെയാണ് ഈ രോഗമെന്നും ആരോഗ്യവിദഗ്ധനും മുൻ കോവിഡ് നോഡൽ ഓഫീസറുമായ അമർ എസ്.ഫെറ്റിൽ വ്യക്തമാക്കി.
മാസ്ക് ഉപയോഗം ശീലമാക്കണമെന്നും രോഗബാധയുള്ളവർ മതിയായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധയുണ്ടായാൽ വീടുകളിൽ കഴിയുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കി. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സ നടത്താതെ വിദഗ്ധോപദേശം തേടണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
H3N2 ഉൾപ്പെടെയുള്ള എല്ലാ പകർച്ചപ്പനികളും നേരിടാൻ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കഴിഞ്ഞദിവസം കേന്ദ്രം നിർദേശം നൽകിയിരുന്നു. ശ്വാസകോശസംബന്ധ അസുഖങ്ങൾ, മറ്റു പകർച്ചവ്യാധികൾ എന്നിവ സ്ഥിരീകരിക്കുന്ന രോഗികളുടെ അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോഗബാധിതരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർക്ക് ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു.
H3N2 ലക്ഷണങ്ങൾ
- പനി
- ചുമ
- മൂക്കൊലിപ്പ്
- ശരീരവേദന
- ഛർദി
- ഓക്കാനം
- വയറിളക്കം
- വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
- മാസ്ക് ഉപയോഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
- മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
- ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക.
- പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക.
- പൊതുയിടത്ത് തുപ്പാതിരിക്കുക.
- ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.
Content Highlights: kerala reports 13 H3N2 cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..