Representative Image| Photo: Canva.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് വ്യാപനം. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച മാത്രം 210 പേർക്ക് കോവിഡ് ബാധിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്.
കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അനുബന്ധ രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആശുപത്രികളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.
അതിനിടെ രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച അവലോകനയോഗം വിളിച്ചു. പുതിയ വകഭേദങ്ങൾ, വാക്സിനേഷൻ ക്യാംപയിന്റെ സ്ഥിതിഗതി, ഇൻഫ്ളുവൻസ രോഗങ്ങളുടെ വർധന എന്നിവയെക്കുറിച്ച് യോഗം വിലയിരുത്തി. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്നും വൈറസ് വ്യാപനത്തിൽ നിരന്തരം നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നിർദേശം നൽകി. മുതിർന്ന പൗരന്മാരും അനുബന്ധ രോഗങ്ങൾ ഉള്ളവരും ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനൊപ്പം കോവിഡ് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾ നിർബന്ധമായും പാലിക്കണം. ആശുപത്രി പരിസരങ്ങളിൽ രോഗികളും ആരോഗ്യപ്രവർത്തകരുമെല്ലാം മാസ്ക് ധരിക്കുന്ന ശീലം തുടരണമെന്നും അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികളിൽ നിരന്തരം മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Content Highlights: kerala records slight increase in covid cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..