Representative Image| Photo: GettyImages
കോട്ടയം: രാജ്യത്ത് അൻപതുലക്ഷത്തിൽത്താഴെ വയോധികരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ അവരുടെ ജീവിതനിലവാരസൂചികയിൽ കേരളത്തിന് ഏഴാംറാങ്ക്. ജനസംഖ്യാനുപാതത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയിലെ പത്ത് സംസ്ഥാനങ്ങളിലാണ് കേരളം പിൻനിരയിലായത്.
സംസ്ഥാനത്തിന്റെ സ്കോർ 51.49 ആണ്. 61.04 സ്കോറുള്ള ഹിമാചൽ പ്രദേശാണ് മുന്നിൽ. 49 പോയിന്റുള്ള ഗുജറാത്താണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സാമ്പത്തികക്ഷേമം, സാമൂഹികക്ഷേമം, ആരോഗ്യസംവിധാനം, വരുമാനസുരക്ഷ, വിദ്യാഭ്യാസനേട്ടങ്ങൾ, തൊഴിൽ, ശാരീരികസുരക്ഷ, മാനസികക്ഷേമം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കോർ നിശ്ചയിച്ചത്.
50 ലക്ഷത്തിനുമേൽ വയോധികരുള്ള സംസ്ഥാനങ്ങളിൽ രാജസ്ഥാനാണ് ജീവിതനിലവാരസൂചികയിൽ ഒന്നാമത്; തെലങ്കാന ഏറ്റവും പുറകിലും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പ്രത്യേകഗണമായി തിരിച്ചു. മിസോറം ഒന്നാമതും അരുണാചൽ പ്രദേശ് ഏറ്റവും പിന്നിലുമാണ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ജമ്മുകശ്മീരാണ് ഏറ്റവും പുറകിൽ.
ഇന്ത്യയിലെ പ്രായമായ ജനങ്ങളുടെ ആവശ്യങ്ങളും അവസരങ്ങളും വ്യക്തമായി തിരിച്ചറിയുന്നതിനാണ് ജീവിതനിലവാരസൂചിക തയ്യാറാക്കിയത്. ഇതടിസ്ഥാനമാക്കി സംസ്ഥാനസർക്കാരുകൾക്ക് പഴയ തലമുറയ്ക്ക് സുഖപ്രദമായ ജീവിതം നൽകാൻ പ്രവർത്തിക്കേണ്ട മേഖലകൾ തിരിച്ചറിയാൻ കഴിയുമെന്നാണ് ഉപദേശകസമിതിയുടെ വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങളിലെ സൂചികയുടെ ശരാശരി കണക്കാക്കിയാൽ 33 ശതമാനം വയോജനങ്ങൾക്കുമാത്രമാണ് സാമ്പത്തികസുരക്ഷിതത്വമുള്ളത്. 21 സംസ്ഥാനങ്ങളുടെ കുറഞ്ഞ പ്രകടനമാണ് ശരാശരി നിലവാരം താഴ്ത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ പ്രത്യേകശ്രദ്ധ നൽകി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് സമിതിയുടെ നിർദേശം.
Content Highlights: Kerala ranks seventh in the living standards of the elderly, Health, Geriatric Care
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..