പേവിഷ മരണങ്ങൾ വാക്സിൻ പിഴവിനാലല്ല; കാരണമായത് കാലതാമസവും ഗുരുതര പരിക്കും


Representative Image

ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റുണ്ടായ മരണങ്ങൾക്കുകാരണം വാക്സിൻ പിഴവല്ലെന്ന് കേന്ദ്രസംഘം. വാക്സിൻ ഫലപ്രദമല്ലാത്തതുമൂലമാണ് ഈ മരണങ്ങളെന്ന ആരോപണം ശരിയല്ല. വാക്സിൻ ഫലപ്രദമാണ്. നായയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവാണ് മരണങ്ങൾക്കുകാരണം -സംഘം പറയുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി സംസ്ഥാനം സന്ദർശിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ.

പ്രതിരോധവാക്സിൻ നൂറുശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃഗങ്ങളുടെ കടിയേറ്റാൽ ചെയ്യേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിൽ അവബോധം കുറവാണ്. ഇതാണ് മരണങ്ങൾക്ക് പ്രധാനകാരണം. കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഭൂരിഭാഗം മരണങ്ങളും തടയാമായിരുന്നു. ഈവർഷം കേരളത്തിൽ പേവിഷബാധയേറ്റുണ്ടായ 21 മരണങ്ങളുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. മരണം പേവിഷവാക്സിനുകളുടെ പിഴവുമൂലമാണെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതസമിതിയെ നിയോഗിച്ചത്.കൃത്യസമയത്ത് കുത്തിവെപ്പെടുക്കാത്തതിലെ വീഴ്ചയാണ് പേവിഷബാധയ്ക്കെതിരേ വാക്സിനെടുത്തിട്ടും കേരളത്തിൽ മരണങ്ങളുണ്ടാകാൻ കാരണമെന്ന് പഠനം നടത്തിയ കേന്ദ്രസംഘത്തിന്റെ കണ്ടെത്തൽ. പേവിഷബാധയേറ്റ 21 മരണങ്ങളാണ് ഈവർഷം റിപ്പോർട്ടുചെയ്തത്. ഇതിൽ 16 എണ്ണത്തിലും നായ്ക്കളുടെ കടിയേറ്റാണ് പേവിഷബാധയുണ്ടായത്.

ആറുപേർ വാക്സിനെടുത്തിട്ടും മരിച്ചു. ഇവരിൽ മൂന്നുപേർ ഗുരുതരമായി പരിക്കേറ്റവരായിരുന്നു. നാലുമുതൽ അഞ്ചുവരെയുള്ള വാക്സിൻഡോസ് പൂർത്തിയാകുംമുമ്പ് ഇവർ മരിച്ചു. സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ വാക്സിനില്ലാത്തതിനാൽ മാരകമായി പരിക്കേറ്റ നാലാമൻ കുത്തിവെപ്പെടുക്കാൻ അഞ്ചുമണിക്കൂർ വൈകി. അഞ്ചാമത്തെ കേസിൽ വാക്സിനേഷൻ ഡോസുകൾ കൃത്യസമയത്തെടുക്കുന്നതിൽ വീഴ്ചവരുത്തി. ആറാമത്തെ കേസിൽ പേവിഷബാധ ലക്ഷണങ്ങളുണ്ടായശേഷമാണ് രോഗി വാക്സിനെടുത്തത്. കേന്ദ്ര ഡ്രഗ്സ് ആൻഡ്‌ കോസ്‌മെറ്റിക്സ് നിയമപ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. ഇവിടെ പരിശോധിച്ച ഗുണനിലവാര സർട്ടിഫിക്കറ്റുള്ള വാക്സിനും സിറവുമാണ് ആശുപത്രികളിൽ എത്തിയവർക്കും മരിച്ച ആറുപേർക്കും നൽകിയത്.

നായയുടെ കടിയേറ്റിട്ടിട്ടും വാക്സിനെടുക്കാത്തതിനാൽ പേവിഷബാധയേറ്റ്‌ പത്തുപേർ മരിച്ചു. നാലുകേസുകളിൽ കടിയേറ്റതിന്റെ തെളിവില്ലാത്തതിനാൽ പേവിഷബാധ തിരിച്ചറിയാനായില്ല. ഒരാളുടെ മരണകാരണം റിപ്പോർട്ടിൽ പറയുന്നില്ല.

താഴെത്തട്ടിലെ ആരോഗ്യകേന്ദ്രങ്ങളിൽ വാക്സിനില്ല

വാക്സിന്റെ ലഭ്യത സംബന്ധിച്ച പരാതി പരിശോധിക്കാൻ കേന്ദ്രസംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ്, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുൾപ്പെടെ താഴേത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളിൽ ആന്റി റാബിസ് വാക്സിനും (എ.ആർ.വി.) ആന്റി റാബിസ് സിറവും (എ.ആർ.എസ്.) ലഭ്യമല്ലെന്ന് സംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

30 ശതമാനം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും അർബൻ ഹെൽത്ത് സെന്ററുകളിലും മാത്രമേ എ.ആർ.വി. ലഭിക്കുന്നുള്ളൂ. എ.ആർ.എസ്. ആകട്ടെ ലഭിക്കുന്നത് 3.5 ശതമാനം ഇടങ്ങളിൽമാത്രം.

സെപ്റ്റംബർ ആദ്യവാരമാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി കസോളിയിലെ കേന്ദ്ര മരുന്നുലബോട്ടറിയിലേക്ക് അയച്ചു. പതിനഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ടും സമർപ്പിച്ചു.

കേന്ദ്രസംഘത്തിന്റെ നിർദേശങ്ങൾ

  • മൃ​ഗങ്ങളുടെ കടിയേറ്റാൽ അടിയന്തരമായി ചികിത്സ തേടണം
  • ആശുപത്രികളിൽ വാക്സിനും മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയും സർക്കാർ ഉറപ്പുവരുത്തണം
  • ലബോറട്ടറികൾ ശക്തിപ്പെടുത്തണം
  • ആരോ​ഗ്യപ്രവർത്തകർക്ക് കൃത്യമായി പരിശീലനം നൽകണം
  • ആശുപത്രികളിൽ റാബിസ് ഇൻപേഷ്യന്റ് സൗകര്യങ്ങൾ ശക്തിപ്പെടുത്തണം

Content Highlights: kerala rabies deaths not due to ineffective vaccines


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented