ദുരിത പേമാരിയില്‍ നനഞ്ഞിരിക്കുന്ന സംസ്ഥാനത്തിന് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് ആശ്രയം.  നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. താല്‍ക്കാലികാശ്വാസമാണെങ്കിലും ഇത്തരം കേന്ദ്രങ്ങളില്‍ നിന്നാണ് പകര്‍ച്ചവ്യധികളും മറ്റു രോഗങ്ങളും പെട്ടന്ന് പടര്‍ന്നു പിടിക്കുന്നത്.

പനി , ഛര്‍ദി, തുടങ്ങി നിരവധി അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ട ചികിത്സയും ക്യാമ്പുകളില്‍ ലഭ്യമാക്കുന്നുണ്ട്.  അതേസമയം, ദുരിതാശ്വാസ ക്യാമ്പുകള്‍ സൗജന്യ ചികിത്സാ കേന്ദ്രങ്ങളായി കണക്കാക്കുന്നവരുമുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാനപരമായി പാലിക്കേണ്ട സാമാന്യ നിര്‍ദേശങ്ങളാണ്  ഡോക്ടറായ അശ്വതി സോമന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവര്‍ക്കൊപ്പം താമസിച്ച  അനുഭവത്തിലൂടെ അടിസ്ഥാനപരമായി സാമാന്യം പാലിക്കേണ്ട ചില നിര്‍ദേശങ്ങളാണ് അശ്വതി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ

ഇതു റിലീഫ് ക്യാമ്പില്‍ ഉള്ളവര്‍ക്കും, ചുറ്റുപാടുള്ളവര്‍ക്കും വേണ്ടിയാണ്.

1) പേടി തോന്നുക സ്വാഭാവികം, നിങ്ങളുടെ കൂടെ ഉള്ളവര്‍ എല്ലാവരും ഒരേ രീതിയില്‍ അവിടെ എത്തിപ്പെട്ടവര്‍ ആണ് .എല്ലാവര്‍ക്കും ഭയം ഉണ്ട്. എനിക്ക് നിങ്ങളെക്കാള്‍ കൂടുതല്‍ സംഭവിച്ചു എന്നു വീമ്പു പറയാവുന്ന ഒരു സ്ഥലമോ, അതു കേള്‍ക്കാന്‍ പറ്റിയ മനസികവസ്ഥയോ മറ്റുളവര്‍ക്കു ഉണ്ടാകണം എന്നില്ല. കഴിവതും ഉണ്ടായ കാര്യങ്ങള്‍ പലവുരു പൊടിപ്പും തൊങ്ങലും വെച്ചു പറയാതിരിക്കുക. You never know what other person has gone through and that can never be compared.

2) പകര്‍ച്ച വ്യാധികള്‍ക്കു സാധ്യത ഉള്ളതിനാല്‍ തരുന്ന doxycycline ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കുക.ചെറിയ മനം പുരട്ടല്‍ ഉണ്ടാകാം.അതു അവിടെ വരുന്ന ഡോക്ടറോട് പറഞ്ഞു ഗുളിക വാങ്ങുക 

3)ചെറിയ പനി, ജലദോഷം, മേലുവേദന ഇതു സ്വാഭാവികമാണ് . 3-5 ദിവസം ഗുളികകള്‍ കൊണ്ടിവ മാറുന്നവയാണ്.പാരസെറ്റമോള്‍ ഗുളികകള്‍ കഴിക്കാം. 15 mg/kg എന്ന ഡോസില്‍ കുട്ടികള്‍ക്കും മരുന്നു കൊടുക്കാം.

4) ഒരു ഡോക്ടര്‍ തന്നെ ചിലപ്പോള്‍ 3-4 ക്യാമ്പുകള്‍ അറ്റന്‍ഡ് ചെയ്യും.അതുകൊണ്ടു എല്ലാ ദിവസവും ഫ്രീ ആയി ഡോക്ടര്‍ വരുന്നത് കൊണ്ടു വീണ്ടും വീണ്ടും ഒരേ അസുഖത്തിന് കാണിച്ചു മരുന്നുകള്‍ വാങ്ങി കൂട്ടി വെക്കുന്നത് ഒഴിവാക്കണം

5) ബിപി ചെക്ക് ചെയ്യുന്ന ക്യാമ്പ് അല്ല ദുരിതാശ്വാസ ക്യാമ്പ്. അതുകൊണ്ടു അടുത്തു വീടുള്ളവര്‍ ഡോക്ടറും മരുന്നും ഫ്രീ ആയി കിട്ടുന്നു എന്നതുകൊണ്ട് രണ്ടുമാസത്തെ മരുന്നു വാങ്ങാന്‍ വരുന്ന പതിവ് ഒഴിവാക്കണം.

6) പകര്‍ച്ച വ്യാധികള്‍ പകരാം എന്നതിനാല്‍ ഭക്ഷണത്തിന് മുമ്പും ,ശേഷവും നിര്‍ബന്ധമായും കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകണം.

7) തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

8) നിങ്ങളുടെ എച്ചില്‍ ഇരുന്നാല്‍ അടുത്ത തവണ ഉപയോഗിക്കുമ്പോള്‍ അതു ബുദ്ധിമുട്ടാകും എന്നു മനസ്സിലാക്കി പാത്രവും ഗ്ലാസ്സും നന്നായി കഴുകി വെക്കണം.

9) ഒരു ക്യാമ്പില്‍ ഒന്നോ രണ്ടോ ടോയ്ലറ്റുകള്‍ മാത്രമേ കാണുകയുള്ളൂ അതുകൊണ്ടു അവ വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്.വേസ്റ്റുകളും, സാനിറ്ററി നാപ്കിനുകളും അവക്കായി വെച്ച കൊട്ടകളില്‍ മാത്രം നിക്ഷേപിക്കുക. കക്കൂസ് കുഴികള്‍ അടഞ്ഞു കഴിഞ്ഞാല്‍ ബുദ്ധിമുട്ടേറും എന്നു മനസ്സിലാക്കുക.

10) പറ്റുന്നവര്‍ നിങ്ങളുടെ ക്യാമ്പുകളില്‍ വോളന്റിയര്‍മാര്‍ ആവുക.ഭക്ഷണം പാകം ചെയ്യാനും, സ്ഥലങ്ങള്‍ വൃത്തിയാക്കാനും, മറ്റു പലതിനും ആവശ്യം വരും.

11) എനിക്ക് അപകടം പറ്റി അതിനാല്‍ എന്നെ തന്നെ മുഴുവന്‍ സമയവും ഏറ്റെടുത്തു നോക്കണം എന്ന സ്വാര്‍ഥ ചിന്താഗതി മാറ്റി വെക്കുക.

12) TV ഉള്ള ക്യാമ്പുകളില്‍ അമിതമായി വെള്ളപ്പൊക്ക ഭീതി പരത്തും വിധം ന്യൂസ് വെക്കാതിരിക്കുക. PTSD എന്ന ഒരു അവസ്തയിലേക്കു ആളുകളെ തള്ളി വിടാതിരിക്കുക.

13) ഈ ഒരു അവസ്ഥയില്‍ അമിതമായി ആശങ്ക പെട്ടിട്ടോ, ആലോചിച്ചു കൂട്ടിയത് കൊണ്ടോ നിങ്ങളുടെ ഒരു പ്രശ്‌നവും ഒഴിവാകുന്നില്ല.
വെള്ളം താഴുന്ന മുറക്ക് (ഇപ്പോള്‍ താണു കൊണ്ടിരിക്കുന്നു) നമുക്കു പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാവുന്നതാണ്.

14) നല്ല പാട്ടുകള്‍ റേഡിയോയില്‍ കേട്ടു കുറച്ചു മനസ്സു തണുപ്പിക്കുക.

15) അസുഖം വളരെ വേഗം പടരാന്‍ സാധ്യത ഉള്ളതുകൊണ്ട് നിങ്ങളുടെ ആരോഗ്യ സ്ഥിതി വ്യക്തമായി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.

16) പ്രമേഹം, പ്രഷര്‍, ടിബി, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് പോലെ തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ട അസുഖം ഉള്ളവര്‍ ആ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക.

17) കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് വൃത്തിയായ സാഹചര്യത്തില്‍ മാത്രം കുത്തിവെപ്പ് കൊടുക്കുക .

18) തിളപ്പിച്ചാറ്റിയ വെള്ളം അത്യുത്തമം. അതു കിട്ടാത്ത അവസരത്തില്‍ മാത്രം ക്ലോറിന്‍ ടാബ്ലറ്റുകള്‍ ഉപയോഗിക്കുക.

19) ആവശ്യമില്ലാത്ത പാനിക് മെസ്സേജുകള്‍ ഒഴിവാക്കുക.

20) റിലീഫ് ക്യാമ്പില്‍ എത്തിക്കുന്ന വസ്തുക്കള്‍ സ്വന്തം വീട്ടിലേക്ക് കടത്തി കൊണ്ടു പോകാതിരിക്കുക. മനുഷ്യത്വം എന്ന ഒരു അവസ്ഥ കളങ്കപ്പെടുത്താതിരിക്കുക

21) ഹെലികോപ്ടര്‍ വരുമ്പോള്‍ തമാശക്ക് ആകാശത്തെക്കുള്ള ടോര്‍ച്ച് അടിക്കല്‍ ഒഴിവാക്കുക.

22) ഒരുപാട് പേര്‍ ഒന്നിച്ചു ചേര്‍ന്നു ഉള്ള താമസമായതിനാല്‍, അതില്‍ പല തരം ആള്‍ക്കാര്‍ ഉണ്ടാകുമെന്നു മനസ്സിലാക്കുക. എല്ലാവരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക.സ്വന്തം വസ്തുക്കള്‍ സൂക്ഷിച്ചു വെക്കുക.

23) കുട്ടികളെ സൂക്ഷിക്കുക.വീഴ്ചകള്‍, വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം, പകര്‍ച്ചവ്യാധി പിടിപെടാനുള്ള സാഹചര്യം, മാനുഷിക പീഡനങ്ങള്‍, തുടങ്ങിയവ സൂക്ഷിക്കുക .

24) പ്രശ്നങ്ങള്‍ അപ്പപ്പോള്‍ അവിടെ പോസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തുക.

25) പരസ്പര സഹായ സഹകരണത്തോടെ പെരുമാറുക.
ഒന്നിച്ചു നേരിടാം, ഒന്നായി നേരിടാം, എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്

content highlight: kerala floods relief camp