തൃശ്ശൂർ: സ്വകാര്യലാബുകളിലും ആശുപത്രികളിലും കോവിഡ് പരിശോധനാനിരക്ക് കേരളവും കുറയ്ക്കുന്നു. പരിശോധനാകിറ്റുകളുടെയും പി.പി.ഇ. വസ്ത്രവിലകളും കുറഞ്ഞ പശ്ചാത്തലത്തിലാണിത്. ഒരാഴ്ചയ്ക്കകം പുതിയ നിരക്കുകൾ നിലവിൽവരും. നിരക്ക് കുറയ്ക്കുമ്പോൾ വിലകുറഞ്ഞ പരിശോധനാ ഉപാധികൾ ഉപയോഗിക്കരുതെന്ന് സർക്കാർ കർശന നിർദേശം നൽകും.

നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2,100 രൂപയാണ്. ഇത് 1500ന് അടുത്തേക്ക് താഴ്ത്താനാണ് ഉദ്ദേശിക്കുന്നത്. ആന്റിജൻ ടെസ്റ്റിന് ഇപ്പോൾ 675 രൂപയാണ്. ഇത് പകുതിയെങ്കിലും കുറയ്ക്കും.

എന്നാൽ, ആർ.ടി.പി.സി.ആർ. ടെസ്റ്റിന് ചില സംസ്ഥാനങ്ങൾ 600 രൂപവരെ താഴ്ത്തിയിരുന്നു. ഇത്തരത്തിലുള്ള കുറയ്ക്കൽ കേരളത്തിൽ ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചു. സ്വകാര്യമേഖലയിൽ കോവിഡ് പരിശോധനയ്ക്ക് അനുമതി കൊടുത്തശേഷം ഇത് രണ്ടാംതവണയാണ് നിരക്ക് കുറക്കുന്നത്.

കോവിഡിന്റെ തുടക്കത്തിൽ 1000നും 1500നും ഇടയിലായിരുന്നു പി.പി.ഇ. കിറ്റ് വില. ഇപ്പോൾ 100നും 200നും ഇടയിലാണ്. ആർ.ടി.പി.സി.ആർ. കിറ്റിന് തുടക്കത്തിൽ 500 രൂപ വരെയായിരുന്നത് ഇപ്പോൾ 250നും 300നും ഇടയിലായി. കോവിഡ് പരിശോധനാ ഉപാധികൾ ഉണ്ടാക്കുന്ന കമ്പനികളുടെ എണ്ണം കൂടിയതാണ് വിലക്കുറവുണ്ടാക്കിയത്. കേരളത്തിൽ 49 ലാബുകൾക്കാണ് പരിശോധന അനുമതിയുള്ളത്.

ഫീസ് കുറച്ച് ചില സംസ്ഥാനങ്ങളുടെ ഞാണിൻമേൽക്കളി

ജനങ്ങളുടെ കൈയടിേനടാൻ കോവിഡ് ടെസ്റ്റ് ഫീസ് കുറയ്ക്കുന്നതിലൂടെ ചില സംസ്ഥാനങ്ങൾ അപകടം ക്ഷണിച്ചുവരുത്തുന്നതായി വിദഗ്ധർ. ഡൽഹി, രാജസ്ഥാൻ, കർണാടക, ഹരിയാണ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളാണ് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിരക്ക് ഗണ്യമായി കുറച്ചത്. 600 മുതൽ 800 വരെ രൂപയായാണ് ഈ സംസ്ഥാനങ്ങൾ ടെസ്റ്റ് ഫീസ് പുതുക്കിനിശ്ചയിച്ചത്.

ഫീസ് കുറയ്ക്കുമ്പോൾ ഉണ്ടായേക്കാവുന്ന വിട്ടുവീഴ്ചകൾ

സ്ക്രീനിങ് ജീനായ 'ഇ' മാത്രം പരിശോധിക്കുന്നത് പരിശോധനാഫല ഗുണമേന്മയെ ബാധിക്കും. കൺഫർമേറ്ററി ജീനുകളായ എൻ, ഒ.ആർ.എഫ്1(എ), ആർ.ഡി.ആർ.പി., എസ് എന്നിവയുടെ പരിശോധനകൂടി നടത്തിയാലെ കൃത്യമായ ഫലം ഉറപ്പിക്കാനാവൂ.

  • വിലകുറഞ്ഞ റീ ഏജന്റ് ഉപയോഗിക്കുക. 50 രൂപയ്ക്കുവരെ റീ ഏജന്റ് നൽകാമെന്ന വാഗ്ദാനവുമായി ലാബുകാരെ സമീപിക്കുന്ന കമ്പനികളുണ്ട്. 200 മുതൽ 250 രൂപവരെ വിലയുള്ള റീഏജന്റാണ് സംസ്ഥാനത്തെ ലാബുകളിൽ ഉപയോഗിക്കുന്നത്.
  • സാംപിളുകളുടെ ഒന്നിച്ചുള്ള പരിശോധന നടത്തി ഫലം കണ്ടെത്തുക. ഉദാഹരണത്തിന് 40 സാംപിളുകൾ ഉണ്ടെങ്കിൽ അത് എട്ടുവീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കും. അപ്പോൾ അഞ്ചെണ്ണം പരിശോധിച്ചാൽ മതിയാവും. ഏതെങ്കിലും ഗ്രൂപ്പ് പോസിറ്റീവായാൽ അതിലെ ഓരോന്നും പ്രത്യേകം പരിശോധിക്കും. പോസിറ്റീവില്ലെങ്കിൽ 40ഉം നെഗറ്റീവ് എന്ന സർട്ടിഫിക്കറ്റ് നൽകും. ഇത്തരത്തിൽ ചെയ്യുന്നതിനെ പൂളിങ് എന്നാണ് പറയുന്നത്. പൂൾചെയ്യുമ്പോൾ സാംപിളിന്റെ ഗാഢത കുറയും. ഇത് ഫലത്തിന്റെ കൃത്യതയെ ബാധിക്കും.

Content Highlights:Kerala also reduces Antigen, RTPCR inspection fees, Covid19, Corona Virus