കൊല്ലം : ഗര്‍ഭിണികളെയും കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി ബോധവത്കരിക്കാനായി 'കണ്മണി' കൂട്ടായ്മ രൂപവത്കരിക്കാന്‍ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം. മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, ഗര്‍ഭമലസല്‍ എന്നിവ കുറയ്ക്കുകയാണ് ലക്ഷ്യം. ഗര്‍ഭിണി, ഭര്‍ത്താവ്, അമ്മ, അമ്മായിയമ്മ എന്നിവരെ ഒന്നിച്ചിരുത്തിയാണ് ബോധവത്കരിക്കുക.

പ്രമേഹചികിത്സ ഫലപ്രദമാക്കാനായി നേരത്തേ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ തുടങ്ങിയ 'പഞ്ചാരക്കൂട്ടം' കൂട്ടായ്മ ആരോഗ്യവകുപ്പ് ഏറ്റെടുക്കുകയും സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, സൈക്യാട്രിസ്റ്റ്, ഡയറ്റീഷ്യന്‍, എന്നിവരടങ്ങുന്ന സംഘമാണ് കണ്മണി കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്. ഗര്‍ഭകാലത്ത് കഴിക്കേണ്ട ഭക്ഷണം, പാലിക്കേണ്ട വ്യക്തിശുചിത്വം, മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ കൂട്ടായ്മ ചര്‍ച്ചചെയ്യും. മുലയൂട്ടലിന്റെ പ്രാധാന്യം, സ്തനസംരക്ഷണം, കുട്ടികളുടെ പരിചരണം, കുട്ടികള്‍ക്ക് എടുക്കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍, രണ്ട് ഗര്‍ഭധാരണങ്ങള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നതിനുള്ള ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ എന്നിവയെല്ലാം പഠിപ്പിക്കും.

ഫീല്‍ഡ് സ്റ്റാഫ്, ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനു കീഴിലെ എല്ലാ ഗര്‍ഭിണികളെയും കണ്ടെത്തി രജിസ്റ്റര്‍ ചെയ്യും. മാസത്തില്‍ ഒരുതവണ ഗര്‍ഭകാല പരിചരണ ക്ലിനിക് സംഘടിപ്പിക്കും. മൂന്നുമാസത്തിലൊരിക്കലാണ് പഞ്ചായത്ത് തലത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഗര്‍ഭിണികളില്‍ കണ്ടുവരുന്ന ആത്മഹത്യാ പ്രവണത കുറയ്ക്കാനും കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ലബന്ധം വളര്‍ത്താനും കൂട്ടായ്മ ഉപകരിക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.അജയകുമാര്‍ പറഞ്ഞു.

നാലുവര്‍ഷത്തിനിടെ 165 ഗര്‍ഭമലസല്‍ കേസുകള്‍

നാലുവര്‍ഷത്തിനിടെ തലവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍മാത്രം 165 ഗര്‍ഭമലസല്‍ കേസുകളുണ്ടായി. ഇതാണ് തുടര്‍ച്ചയായ ബോധവത്കരണ പരിപാടിക്കായി കൂട്ടായ്മ രൂപവത്കരിക്കുന്നതിലേക്ക് നയിച്ചത്. പുതിയ തലമുറ ഗര്‍ഭാവസ്ഥയെ നിസ്സാരമായി കാണുന്നതാണ് പകുതിയിലധികം ഗര്‍ഭമലസല്‍ കേസുകള്‍ക്കും കാരണം.

2019ല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഒരു ശിശുമരണവും ഒരു നവജാതശിശുമരണവും ഉണ്ടായിട്ടുണ്ട്. മുലയൂട്ടിയാല്‍ സൗന്ദര്യം കുറയുമെന്നതടക്കമുള്ള തെറ്റായ ചില സങ്കല്പങ്ങള്‍ ഇപ്പോഴുമുണ്ടെന്നും സര്‍വേകളില്‍ വ്യക്തമായിട്ടുണ്ട്.

Content Highlights: kanmani koottayma for pregnant ladies