കാടാമ്പുഴ ദേവസ്വത്തിന്റെ ധർമാശുപത്രിയിൽ പരിശോധനക്കെത്തിയവർ
വളാഞ്ചേരി: സൗജന്യചികിത്സയും മരുന്നുമായി കാടാമ്പുഴ ഭഗവതിയുടെ സന്നിധിയിലെ ധര്‍മാശുപത്രിക്ക് മൂന്നരപ്പതിറ്റാണ്ട്. നിരാലംബരായ നാനാ ജാതിമതസ്ഥരുടെ ആശ്രയകേന്ദ്രമാണീ ആശുപത്രി.
മെഡിക്കല്‍ ഓഫീസറും ഫാര്‍മസിസ്റ്റും നഴ്സിങ് അസിസ്റ്റന്റുമായി 1988-ലാണ് കാടാമ്പുഴ ക്ഷേത്രംവക അലോപ്പതി ധര്‍മാശുപത്രി തുടങ്ങുന്നത്. നിലവിലെ എക്സിക്യുട്ടീവ് ഓഫീസര്‍ എ.എസ്. അജയകുമാര്‍ ഇടപെട്ട് ഇതിന് പുതിയ മുഖം നല്കി. വീതിയേറിയ ക്ഷേത്രംറോഡ് തുടങ്ങുന്നിടത്തുനിന്നുതന്നെ ആശുപത്രി കാണാം. പടര്‍ന്നുപന്തലിച്ച അരയാലിന്റെ തണലില്‍ ദേവസ്വത്തിന്റെ ആദ്യകാല ഓഫീസിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
രാവിലെ ഒമ്പതിന് മെഡിക്കല്‍ ഓഫീസര്‍ ഡോ. പൊറ്റമ്മല്‍ സുഭാഷ് എത്തുമ്പോള്‍ത്തന്നെ രോഗികള്‍ കാത്തു നില്ക്കുന്നുണ്ടാവും. കോവിഡ് കാലമായതിനാല്‍ ഒരുമണിവരെയാണ് ഇപ്പോള്‍ പരിശോധന. ശരാശരി 175-ലധികം രോഗികള്‍ ദിവസവും എത്തുന്നുണ്ടെന്ന് ദേവസ്വം മാനേജര്‍ എന്‍.വി. മുരളീധരന് പറഞ്ഞു. മാറാക്കര ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള നിര്‍ധനരോഗികളാണ് ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും. ഒരുവര്‍ഷം ഇരുപതുലക്ഷം രൂപയാണ് കാടാമ്പുഴ ദേവസ്വം ധര്‍മാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് നേരത്തെ അംഗീകാരം വാങ്ങിയാണ് ഈ തുക ലഭ്യമാക്കുന്നത്.
'മാനവസേവയാണ് മാധവസേവ' എന്ന ആശയം ഉള്‍ക്കൊണ്ട് ധര്മപ്രവര്ത്തനങ്ങള്ക്ക് കൂടുതല്‍ തുക വകയിരുത്താനാണ് ദേവസ്വത്തിന്റെ തീരുമാനം. അടുത്ത ഓണത്തിന് കാടാമ്പുഴയില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുകയാണ്. അതോടൊപ്പം ധര്‍മാശുപത്രിയും അങ്ങോട്ടു മാറ്റും.
Content highlights: kadampuzha bhagavathys dharma hospital is 30 years old
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..