ജ്യോതി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജനഹൃദയങ്ങളിൽ നക്ഷത്രമായി തെളിഞ്ഞിട്ട് 18 കാരുണ്യ വർഷങ്ങൾ പിന്നിടുകയാണ്. പ്രതീക്ഷയുടെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ട് ഇരുളടഞ്ഞുപോകുമായിരുന്ന നൂറുകണക്കിന് മനുഷ്യർക്കാണ് അത് വെളിച്ചമായത്. നിലയില്ലാക്കയങ്ങളിൽ മുങ്ങിപ്പോകുമായിരുന്ന പലരും മാറാരോഗങ്ങളുടെ സങ്കടക്കടൽ നീന്തിക്കയറിയത് ജ്യോതിയുടെ കരംപിടിച്ചാണ്.

മേപ്പാടി ടൗണിനുസമീപം പൂത്തക്കൊല്ലി എസ്റ്റേറ്റിലെ 'ജ്യോതി’യുടെ ക്ലിനിക്കും ഡയാലിസിസ് സെന്ററും നിർധന രോഗികളുടെ ആശ്രയകേന്ദ്രമാണ്. മുത്തശ്ശിമാവ് തണൽവിരിച്ച മുറ്റംകടന്ന് ജ്യോതിയുടെ ഹൃദയംതൊടുമ്പോൾതന്നെ രോഗികൾക്ക് പകുതിജീവൻ തിരിച്ചുകിട്ടും. 2004-ൽ കാൻസർരോഗികളുടെ പരിചരണം ഏറ്റെടുത്തുകൊണ്ടാണ് ഈ സന്നദ്ധസംഘടനയുടെ തുടക്കം. പിന്നീട് കിടപ്പുരോഗികളുടെയും വൃക്കരോഗികളുടെയും കൂടി പരിചരണം ഏറ്റെടുത്തു. ഇപ്പോൾ ഡയാലിസിസ് സെന്റർ, സൈക്യാട്രിക് ആൻ‍ഡ് ഡീ അഡിക്‌ഷൻ ക്ലിനിക്ക് തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ജ്യോതിയുടെ കരുതലിൽ 300 പേർ

നിർധനരും അശരണരുമായ 300 - ഓളം പേരാണ് ജ്യോതിയുടെ കരുതലിൽ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. ഇവരിൽ സിംഹഭാഗവും തോട്ടം തൊഴിലാളികളാണ്. 82 പേർ കാൻസർ രോഗികളും 27 പേർ മാനസികവെല്ലുവിളി നേരിടുന്നവരുമാണ്.

36 വൃക്കരോഗികളാണ് ജ്യോതിയുടെ കരുതലിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഇവരിൽ 28 പേർക്ക് തികച്ചും സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്. ഏഴ് ഡയാലിസിസ് മെഷീനുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

സ്പർശം - 2022

ജ്യോതിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുപോകാൻ പ്രതിമാസം അഞ്ചുലക്ഷം രൂപയാണ് ചെലവ്. ഇതിൽ മൂന്നര ലക്ഷം രൂപയും ഡയാലിസിസ് സെന്ററിനാണ് ചെലവഴിക്കുന്നത്. മനുഷ്യസ്നേഹികളുടെ കാരുണ്യവും കരുതലും ഒന്ന് മാത്രമാണ് ഈ സ്ഥാപനത്തെ താങ്ങിനിർത്തുന്നത്.

വിഭവസമാഹരണത്തിന്റെ ഭാഗമായാണ് ഇത്തവണയും ജ്യോതി സ്പർശം - 2022 സംഘടിപ്പിക്കുന്നത്. ജനുവരി ഒന്ന് മുതൽ 15 വരെയാണ് പരിപാടി നടപ്പാക്കുന്നത്. മേപ്പാടി, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തുകളിലെ എല്ലാവാർഡുകളിലും ഇതിനായി അഞ്ച് അംഗങ്ങളുള്ള മൂന്നിൽ കുറയാത്ത സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജനുവരി ഏഴ് മുതൽ 10 വരെ ഗൃഹസമ്പർക്കപരിപാടി നടത്തും. തൊഴിലാളികളും വ്യാപാരികളും മുതൽ തോട്ടമുടമകൾവരെ വിഭവസമാഹരണത്തിൽ പങ്കാളികളാകും. 22 ലക്ഷംരൂപ സമാഹരിക്കാനാണ് ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്.

86 വൊളന്റിയർമാരാണ് ജ്യോതിയെ മുന്നോട്ടുനയിക്കുന്നത്. മുൻ പ്രസിഡന്റും ജനറൽസെക്രട്ടറിയുമായിരുന്ന സി.എച്ച്. സുബൈറാണ് ജ്യോതിയുടെ അഡ്മിനിസ്ട്രേറ്റർ. എൻ.കെ. വർക്കിയാണ് പ്രസിഡന്റ്. ബിജി ബേബി സെക്രട്ടറിയും പി. ഹംസ ട്രഷററുമാണ്. സദാസമയവും സേവനസന്നദ്ധരായ ഈ ഭാരവാഹികളടങ്ങുന്ന 15 അംഗ എക്സി. കമ്മിറ്റിയാണ് ഈ സൊസൈറ്റിയെ താങ്ങിനിർത്തുന്നത്.

സ്വപ്നപദ്ധതി

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ യാഥാർഥ്യമാക്കുകയാണ് ജ്യോതിയുടെ അടുത്ത സ്വപ്നപദ്ധതി. ഇതിനായി കേന്ദ്രത്തിന് സമീപം 20 സെന്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത് വാങ്ങിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുകയാണ്.

15 സെന്റിൽ സൗകര്യപ്രദമായ കെട്ടിടവും ആംബുലൻസ്, ഹോംകെയർ വാഹനം തുടങ്ങിയവ യടക്കം രണ്ടുകോടിക്ക് മുകളിൽ ആസ്തിയുണ്ട് ജ്യോതിക്ക്. എല്ലാത്തിനുംപിന്നിൽ മനുഷ്യസ്നേഹികളുടെ കാരുണ്യംമാത്രം.

Content highlights: jyothi pain and paliative care society completed 18 years in health sector