പ്രതീകാത്മക ചിത്രം | Photo: Mathrubhumi
കോഴിക്കോട്: വൃക്കരോഗം കൊണ്ട് നിത്യദുരിതത്തിലായ രോഗികള്‍ക്കും കുടുംബത്തിനും കാരുണ്യസ്പര്‍ശമേകുന്ന 'ജീവജ്യോതി' പദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലായിരുന്നു ചടങ്ങ്.
ജില്ലാ പഞ്ചായത്ത് 'സ്‌നേഹസ്പര്‍ശം' സൊസൈറ്റിക്ക് കീഴില്‍ ജില്ലയിലെ അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും മറ്റ് പദ്ധതികളുടെ സഹായം ലഭിക്കാത്തവരുമായ രോഗികള്‍ക്കാണ് ഗുണം ലഭിക്കുക. വൃക്കദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ശസ്ത്രക്രിയച്ചെലവുകളാണ് പദ്ധതിയിലൂടെ ഏറ്റെടുക്കുക. വൃക്ക ദാതാവിന്റേത് തുറന്ന ശസ്ത്രക്രിയയാണെങ്കില്‍ രണ്ടുലക്ഷത്തി എഴുപത്തയ്യായിരം രൂപയും താക്കോല്‍ദ്വാര ശസ്ത്രക്രിയയാണെങ്കില്‍ മൂന്ന് ലക്ഷത്തി അയ്യായിരം രൂപയുമാണ് ചെലവ് വരുക. ശസ്ത്രക്രിയക്ക് ശേഷം കഴിക്കേണ്ട ജീവന്‍ രക്ഷാമരുന്നുകള്‍ സ്‌നേഹസ്പര്‍ശത്തിലൂടെ സൗജന്യമായി എല്ലാമാസവും നല്‍കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. പദ്ധതിയുടെ ആദ്യ ഗുണഭോക്താവിനുള്ള സഹായവിതരണം മേയര്‍ ഡോ. ബീനാ ഫിലിപ്പ് ഇഖ്റ ഹോസ്പിറ്റല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.സി. അന്‍വറിന് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും അവയവദാന സമ്മതപത്രം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറില്‍നിന്ന് കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ഏറ്റുവാങ്ങി. ജീവജ്യോതി പദ്ധതിയിലേക്ക് എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥരില്‍നിന്നുള്ള സംഭാവന എല്‍.ജി.ഡി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി. ചന്ദ്രനില്‍നിന്ന് ഷീജാ ശശി സ്വീകരിച്ചു.
കാനത്തില്‍ ജമീല എം.എല്‍.എ., ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എം. വിമല, വി.പി. ജമീല, കെ.വി. റീന, പി. സുരേന്ദ്രന്‍, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ആസ്റ്റര്‍മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ലുക്ക്മാന്‍ പൊന്‍മാടത്ത്, മെയ്ത്ര ഹോസ്പിറ്റല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ഡോ. സീമന്ത ശര്‍മ, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ചീഫ് ഡോ. പി.കെ. ഇന്ദ്രജിത്ത്, മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ദിപിന്‍ദാസ്, ടി.എം. അബൂബക്കര്‍, എം.എ. റസാക്ക്, ടി.വി. ബാലന്‍, മനയത്ത് ചന്ദ്രന്‍, ഒ.പി. അബ്ദുള്‍ റഹ്മാന്‍, ജഹഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content highlights: jeevajyothi free kidney transplantation programme started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..