കോഴിക്കോട്: സാമ്പത്തിക പരാധീനതമൂലം ശസ്ത്രക്രിയ നടത്താനാവാതെ ഡയാലിസിസിലൂടെ ജീവിതം മുന്നോട്ടുനീക്കുന്ന വൃക്കരോഗികള്‍ക്ക് സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. 2012 മുതല്‍ ജില്ലാ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹസ്പര്‍ശം കിഡ്നി പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റിയാണ് ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ 'ജീവജ്യോതി' എന്നപേരില്‍ സൗജന്യമായി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിക്ക് രൂപംനല്‍കിയത്.

പദ്ധതി നവംബര്‍ അവസാനവാരം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരമൊരു ബൃഹത്തായ ജീവകാരുണ്യ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്.

വൃക്കദാതവിന്റെയും സ്വീകര്‍ത്താവിന്റെയും ശസ്ത്രക്രിയച്ചെലവാണ് ഏറ്റെടുക്കുന്നത്. വൃക്ക ദാതാവിന്റേത് തുറന്ന ശസ്ത്രക്രിയയാണെങ്കില്‍ രണ്ടുലക്ഷത്തിയെഴുപത്തയ്യായിരം രൂപയും താക്കോല്‍ദ്വാര ശസ്ത്രക്രിയയാണെങ്കില്‍ മൂന്നുലക്ഷത്തിയയ്യായിരം രൂപയുമാണ് ചെലവുവരിക. ശസ്ത്രക്രിയയ്ക്കുശേഷം കഴിക്കേണ്ട ജീവന്‍രക്ഷാമരുന്നുകള്‍ സ്‌നേഹസ്പര്‍ശത്തിലൂടെ സൗജന്യമായി എല്ലാമാസവും നല്‍കും.

നാലായിരത്തിലധികം പേരാണ് ജില്ലയില്‍ ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്നത്. ഓരോവര്‍ഷവും അറുനൂറോളം പുതിയ രോഗികള്‍ക്ക് ഡയാലിസിസ് വേണ്ടിവരുന്നുമുണ്ട്.

പദ്ധതിയില്‍ ഉള്‍പ്പെടുന്നവ

ശസ്ത്രക്രിയാദിനം മുതല്‍ ദാതാവിന് അഞ്ചുദിവസത്തെയും സ്വീകര്‍ത്താവിന് 10 ദിവസത്തെയും മുറിവാടക, ഡോക്ടര്‍, നഴ്സ് ചാര്‍ജ്, സാധാരണയായി ഈ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, മറ്റ് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍.

ഉള്‍പ്പെടാത്തവ

ആശുപത്രിപ്രവേശനത്തിനുമുമ്പുള്ള ക്രോസ് മാച്ചിങ് ഉള്‍പ്പെടെയുള്ള ലാബ് പരിശോധനച്ചെലവുകള്‍, ഡിസ്ച്ചാര്‍ജിനുശേഷമുള്ള ചെലവുകള്‍, ശസ്ത്രക്രിയാവേളയില്‍ അപ്രതീക്ഷിതമായി ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെയോ ടെസ്റ്റുകളുടെയോ ചെലവുകള്‍, അപ്രതീക്ഷിതമായി ദാദാവിനോ സ്വീകര്‍ത്താവിനോ ഉണ്ടാകുന്ന അധികച്ചെലവുകള്‍. 

നവജീവന്‍ ക്ലിനിക്കുകളിലൂടെ പാവപ്പെട്ട മാനസികരോഗികള്‍ക്ക് സൗജന്യചികിത്സയും മരുന്നും നല്‍കുന്നുണ്ട്. അഗതികളായ എച്ച്.ഐ.വി. ബാധിതരായ പുരുഷന്മാര്‍ക്ക് കെയര്‍ സെന്ററും സ്‌നേഹസ്പര്‍ശത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍, സ്ഥിരംസമിതി അധ്യക്ഷരായ പി. സുരേന്ദ്രന്‍, എന്‍.എം. വിമല, സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ടി.എം. അബൂബക്കര്‍, ബറാമി വി ജഹഫര്‍, സുബൈര്‍ മണലൊടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആര്‍ക്കെല്ലാം അപേക്ഷിക്കാം

പദ്ധതിയുമായി സഹകരിക്കുന്ന ആസ്റ്റര്‍ മിംസ്, ഇഖ്റ ഹോസ്പിറ്റല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മെട്രോമെഡ് ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ എന്നീ ആശുപത്രികളില്‍ വൃക്കമാറ്റശസ്ത്രക്രിയ നടത്തുന്ന കോഴിക്കോട് ജില്ലക്കാര്‍ക്കാണ് അപേക്ഷിക്കാനാവുക. വൃക്കമാറ്റിവെക്കാന്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണം. വൃക്കദാതാവ് അപേക്ഷകന്റെ മാതാപിതാക്കളോ സഹാദരങ്ങളോ മക്കളോ ഭാര്യയോ ഭര്‍ത്താവോ ആയിരിക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, റീ ഇമ്പേഴ്സ്മെന്റ് സൗകര്യം എന്നിവ ലഭിക്കുന്നവരും ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. റേഷന്‍ കാര്‍ഡിന്റെയും ആധാറിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. ജില്ലാ പഞ്ചായത്ത് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ എക്സിക്യുട്ടീവ് കമ്മിറ്റി പാസാക്കുന്ന അപേക്ഷ സഹായത്തിനായി പരിഗണിക്കും. കൂടുതല്‍ വിവരം ജില്ലാ പഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും സ്‌നേഹസ്പര്‍ശം വെബ്സൈറ്റിലും പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികളിലും ലഭിക്കും.

Content Highlights: Jeeva Jyothi project for free kidney transplantation by kozhikode district panchayath