കോഴിക്കോട്ടുനിന്നുള്ള വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പാക്കയിൽ ഭാഗത്ത് ഫോഗിങ് നടത്തിയപ്പോൾകൊതുകിനെ തുരത്താൻ ഫോഗിങ്
വടകര: നഗരസഭാപരിധിയിലെ പാക്കയിൽ ഭാഗത്ത് ജപ്പാൻജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവിഭാഗം പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. ആശാവർക്കർമാരുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് പനി സർവേയും ബോധവത്കരണവും ഞായറാഴ്ച ആരംഭിച്ചു. 43, 46, 47 വാർഡുകളിലാണ് നിലവിൽ സർവേയും ബോധവത്കരണവും ആരംഭിച്ചത്.
പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. ഞായറാഴ്ച നടത്തിയ സർവേയിൽ രോഗലക്ഷണങ്ങളോടെ ആരെയും കണ്ടെത്തിയിട്ടില്ലെന്ന് നഗരസഭാധികൃതർ അറിയിച്ചു.
രോഗം പകരാനിടയുള്ള സാഹചര്യം, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ബോധവത്കരണത്തിന്റെ ഭാഗമായി വീടുകളിലെത്തി വിശദീകരിച്ചു. കോഴിക്കോട്ടുനിന്നുള്ള വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വൈകുന്നേരം ഫോഗിങ് നടത്തി. ക്യൂലക്സ് കൊതുകുകൾ പ്രധാനമായും പുറത്തിറങ്ങുന്ന വൈകുന്നേരമാണ് ഫോഗിങ് നടത്തിയത്.
Also Read
വടകരയിൽ രോഗനിർണയക്യാമ്പിന് സാധ്യത
ജപ്പാൻജ്വരം സ്ഥിരീകരിച്ച മേഖലയിൽ നഗരസഭയുമായി സഹകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം രോഗനിർണയക്യാമ്പ് നടത്തിയേക്കും. ക്യാമ്പിന്റെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോർട്ട് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകി. ആദ്യഘട്ടത്തിൽ നൂറുപേരിൽ ആൻറിബോഡി ടെസ്റ്റ് നടത്താനാണ് സാധ്യത. രോഗവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ആദ്യഘട്ട പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാവും തുടർനടപടികൾ.
കരുതൽ വേണം
കൊറോണ വൈറസ് പോലെ രോഗിയായ മനുഷ്യനിൽനിന്ന് മറ്റൊരാളിലേക്ക് ജപ്പാൻജ്വരം പകരില്ല എന്നത് ആശ്വസകരമാണ്. പക്ഷേ, വൈറസുള്ള മറ്റ് ജീവികളിൽനിന്ന് കൊതുക് വഴി മനുഷ്യശരീരത്തിലെത്തും എന്നതുകൊണ്ട് ജപ്പാൻജ്വരം സൂക്ഷിച്ചില്ലെങ്കിൽ അപകടകാരിയുമാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ മുട്ടയിടുന്ന ക്യൂലെക്‌സ് കൊതുകുവഴിയാണ് രോഗം കൂടുതലായി പകരുന്നത്.
രോഗലക്ഷണം
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം കാണിക്കുന്നതുവരെയുള്ള ഇൻക്യുബേഷൻ പീരിയഡ് അഞ്ചുദിവസം മുതൽ പതിനഞ്ച് ദിവസംവരെയാണ്. ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും, ഓർമക്കുറവ്, കഴുത്ത് തിരിക്കാൻപറ്റാത്ത അവസ്ഥ, മാനസികവിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂർച്ഛിച്ചാൽ മരണവും സംഭവിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മലിനജലത്തിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഇതിനുള്ള സാഹചര്യം ഒഴിവാക്കണം.
- വീടും പരിസരങ്ങളും ശുചീകരിക്കുക.
- ചിരട്ടകൾ, ഒഴിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ടയറുകൾ, എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക.
- ഓടകൾ ശുചീകരിക്കുക.
- പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടുന്നത് തടയുക.
- രോഗലക്ഷണങ്ങൾ കാണുന്നവർ സ്വയം ചികിത്സ നടത്താതിരിക്കുക.
- മഴക്കാല പൂർവ ശുചീകരണങ്ങൾ നടത്തുക.
- കൊതുകുകളെ ഉറവിടങ്ങളിൽനിന്നു തന്നെ നശിപ്പിക്കുക.
Content Highlights: japanese encephalitis case detected in kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..