കാഞ്ഞങ്ങാട്: പട്ടികവര്‍ഗവിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പ്രസവകാലത്ത് സഹായധനം നല്‍കാനുള്ള ജനനി ജന്മരക്ഷാ പദ്ധതിയില്‍ വിവിധ ജില്ലകളിലായി അഞ്ചുകോടിയോളം രൂപ കുടിശ്ശിക. ഒരാള്‍ക്ക് 36,000 രൂപയാണ് ആനുകൂല്യമായി നല്‍കുന്നത്. ചില ജില്ലകളില്‍ രണ്ടരവര്‍ഷം മുന്‍പ് അപേക്ഷ നല്‍കിയവര്‍ക്കുപോലും പണം കിട്ടിയിട്ടില്ല. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുടിശ്ശികയുള്ളത്; മൂന്നുകോടിയിലേറെ രൂപ. നേരത്തെ 18,000 രൂപയാണ് ഒരാള്‍ക്ക് ലഭിച്ചിരുന്ന തുക. ഇത് ഇരട്ടിയാക്കിയതോടെയാണ് കുടിശ്ശികയായത്.

2013-ലാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്. ഗര്‍ഭിണിയായി മൂന്നാംമാസംമുതല്‍ പ്രസവശേഷം ഒരുവര്‍ഷംവരെ തുക വിതരണം ചെയ്യുന്നതാണ് പദ്ധതി. പോഷകാഹാരത്തിനും മറ്റുമായി ഒരോ മാസവുമാണ് തുക നല്‍കിയിരുന്നത്. 2018 വരെ പ്രതിമാസം 1000 രൂപയായിരുന്നു. തുക വര്‍ധിപ്പിച്ചപ്പോള്‍ പ്രതിമാസം 2000 രൂപയായി. മാസംതോറുമുള്ള വിതരണം ആദ്യഘട്ടത്തില്‍തന്നെ നിലച്ചു. പിന്നീട് മൂന്നോ നാലോ ഗഡുക്കളായി നല്‍കാന്‍ തുടങ്ങി.

കുഞ്ഞുങ്ങള്‍ക്ക് മരുന്നുവാങ്ങാന്‍പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ഈ സമയത്തെങ്കിലും കുടിശ്ശിക കിട്ടിയിരുന്നെങ്കിലെന്ന് അമ്മമാര്‍ പറയുന്നു. കിട്ടാനുള്ള പണത്തിന്റെ 50 ശതമാനത്തില്‍ കൂടുതലാണ് ചില ജില്ലകളിലെ കുടിശ്ശിക. സംസ്ഥാനത്ത് ഓരോ വര്‍ഷവും 16.50 കോടി രൂപയാണ് ഈ പദ്ധതിയിലേക്ക് വകയിരുത്തുന്ന തുക. 2018-ല്‍ തുക ഇരട്ടിയാക്കിയിട്ടും ബജറ്റില്‍ വകയിരുത്തുന്ന തുക കൂട്ടിയില്ലെന്നും 30 കോടി രൂപയെങ്കിലും പ്രതിവര്‍ഷം കിട്ടിയാലെ ഓരോ ജില്ലയ്ക്കും ആവശ്യമായത്രയും തുക വിതരണം ചെയ്യാനാകുകയുള്ളൂവെന്നും പട്ടികവര്‍ഗവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകര്‍. ഈ വര്‍ഷം കാസര്‍കോട്ട് നാലരക്കോടിയും വയനാട്ടിനും പാലക്കാടിനും ഒന്നരക്കോടിയും മലപ്പുറത്തിന് 70 ലക്ഷം രൂപയും വേണം. ഇതുവരെ 9.5 കോടി രൂപ വിതരണം ചെയ്തു.

ബജറ്റില്‍ അനുവദിച്ചുകിട്ടിയ തുകയില്‍ ബാക്കി ഏഴുകോടിയുണ്ട്. ആകെ അപേക്ഷകരുടെ കണക്കെടുത്താല്‍ ഇത്രയും തുക മതിയാകില്ല. അതിനാല്‍ ഈ വര്‍ഷവും കുടിശ്ശികയുണ്ടാകും. ഗര്‍ഭകാലത്തും പ്രസവസമയത്തും കൃത്യമായി തുക വിതരണം ചെയ്യണമെങ്കില്‍ കൂടുതല്‍ തുക വകയിരുത്തുകയും ജില്ലാ ഓഫിസുകള്‍ക്ക് മുന്‍കൂറായി അത് നല്‍കുകയും വേണം.

Content Highlights: Janani Janma Raksha programme financial assistance pending, Health