ലണ്ടൻ: കോവിഡിനുനേരെ ജനങ്ങളിൽ ആർജിത രോഗപ്രതിരോധശേഷിയുണ്ടാകാൻ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) മുഖ്യ ഗവേഷക ഡോ. സൗമ്യ സ്വാമിനാഥൻ. ജനസംഖ്യയുടെ അൻപതുമുതൽ അറുപതുശതമാനംവരെ ആളുകൾ രോഗപ്രതിരോധശേഷി നേടിയെങ്കിൽമാത്രമേ കോവിഡ് വ്യാപനം തടയാൻ സാധിക്കൂവെന്ന് അവർ പറഞ്ഞു.

ജനീവയിൽ വെള്ളിയാഴ്ച ഡബ്ല്യു.എച്ച്.ഒ.യുടെ നേതൃത്വത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അവർ.

പ്രതിരോധവാക്സിൻ കുത്തിവെപ്പിലൂടെയാണ് സാധാരണ രോഗപ്രതിരോധശേഷി നേടുന്നത്. എന്നാൽ, ആർജിത പ്രതിരോധം ശരീരംതന്നെ പ്രതിരോധശേഷി രൂപപ്പെടുത്തുന്നതാണ്. കോവിഡ്19 ബാധിച്ച ചിലരാജ്യങ്ങളിൽനിന്നുള്ള പഠനങ്ങൾ കാണിക്കുന്നത് അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെ ആളുകൾക്ക് ഇപ്പോൾ ആർജിത രോഗപ്രതിരോധശേഷിയുണ്ടെന്നാണ്. എന്നാൽ, കോവിഡ് വ്യാപനം തടയാൻ ഇവ പര്യാപ്തമല്ല.

കോവിഡിന്റെ തുടക്കത്തിൽ ബ്രിട്ടൻപോലുള്ള രാജ്യങ്ങളുടെ പ്രതീക്ഷ ഇത്തരം ആർജിത പ്രതിരോധശേഷി നേടുകയെന്നായിരുന്നു. പക്ഷേ, ഇത്തരം സ്വാഭാവിക ആർജിത രോഗപ്രതിരോധശേഷി നേടാൻ സമയമെടുക്കും. അപ്പോഴേക്കും രോഗികളും മരണവും കൂടും. വാക്സിൻ കണ്ടെത്തി പ്രതിരോധശേഷി നേടുകയാണ് ചെയ്യേണ്ടത്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സൗമ്യ പറഞ്ഞു.

Content Highlights:it takes time for people to have herd immunity against Covid19 Corona Virus outbreak, Health