ന്യൂഡല്‍ഹി: ശക്തമായ കോവിഡ് പ്രതിരോധത്തിന് വീടിനകത്തും മാസ്‌ക് ധരിക്കേണ്ട സമയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍, ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

''കുടുംബത്തില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്‌ക് ധരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കരുത്''- ഡോ. വി.കെ. പോള്‍ പറഞ്ഞു. ശാസ്ത്രീയ പഠനപ്രകാരം ശാരീരികാകലം പാലിക്കാത്ത ഒരാള്‍ 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാല്‍ ഇത് 15 ആയി കുറയ്ക്കാനാവും - ലവ് അഗര്‍വാള്‍ വിശദീകരിച്ചു.

വാക്‌സിനേഷന്‍ യുക്തമായ സമയത്ത് സ്വീകരിക്കണം. സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തും സ്വീകരിക്കാം. മെഡിക്കല്‍ ഓക്‌സിജന്റെയും റെംഡെസിവിര്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെയും യുക്തമായ ഉപയോഗമാണ് പ്രധാനം. ഗുരുതര രോഗികള്‍ക്ക് റെംഡിസിവിര്‍ പര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മറ്റ് മരുന്നുകളും ഉപയോഗിക്കണം.

കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ കര്‍ക്കശമാക്കണം

ന്യൂഡല്‍ഹി: രാജ്യമെമ്പാടും കോവിഡ് രണ്ടാം തരംഗം ശക്തമാവുന്നതിനിടെ ഫലപ്രദമായ പ്രതിരോധ നടപടികള്‍ക്കായി കോവിഡ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കണ്‍ടെയ്മെന്റ് സോണുകള്‍ കര്‍ക്കശമാക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ജില്ലാ അധികാരികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആരോഗ്യ മന്ത്രാലയം ഞായറാഴ്ച ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല തിങ്കളാഴ്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കി. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ കൂടുതലുള്ള ഇടങ്ങളിലും ആശുപത്രിക്കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവന്നിട്ടുള്ള പ്രദേശങ്ങളിലും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Content Highlights: It's time to start wearing masks inside homes to prevent Covid-19, says govt