തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം ഉള്ളില്‍ക്കടന്ന് അന്നനാളത്തിനു മുകളിലെത്തിയ നേരിയ ഇരുമ്പുകമ്പി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
തൊണ്ടവേദനയുമായെത്തിയ മുപ്പതുകാരനായ യുവാവിന്റെ അന്നനാളത്തിലാണ് കമ്പി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ ഇദ്ദേഹം തൊണ്ട പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. സി.ടി.സ്കാന്‍ പരിശോധനയില്‍ ശ്വാസക്കുഴലിനു പുറകില്‍ അന്നനാളത്തിനോടുചേര്ന്ന് ചെറിയ ലോഹക്കഷണം കണ്ടെത്തി. എന്‍ഡോസ്കോപ്പ് ഉള്ളില്‍ക്കടത്തി പരിശോധന നടത്തിയെങ്കിലും കമ്പിക്കഷണം കണ്ടെത്താനായില്ല. ഒടുവില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.
തത്സമയം എക്സ് റേ വഴി കാണാന്‍ സാധിക്കുന്ന സി ആം ഇമേജ് ഇന്റന്‍സിഫയര്‍ ഉപയോഗിച്ചുനടന്ന ശസ്ത്രക്രിയയില്‍ കമ്പിക്കഷണം പുറത്തെടുത്തു. തലയിലേക്ക് പോകുന്ന ഞരമ്പുകളുടെയും അന്നനാളത്തിന്റെയും ഇടയിലാണ് കമ്പി കുരുങ്ങിക്കിടന്നത്.
കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. ഷഫീഖ്, ഇ.എന്‍.ടി. വിഭാഗത്തിലെ ഡോ. വേണുഗോപാല്‍, ഡോ. ഷൈജി, ഡോ. മെറിന്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. മധുസൂദനന്, സ്റ്റാഫ് നഴ്സ് ദിവ്യ എന്‍.ദത്തന് എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.
കരുതലോടെ ഭക്ഷണം കഴിക്കണം
നേരത്തേയും ഇതുപോലെയുള്ള അന്യവസ്തുക്കള്‍ നെഞ്ച് തുറന്ന് എടുക്കേണ്ടിവന്നിട്ടുണ്ടെന്ന് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. അബ്ദുള്‍ റഷീദ് പറഞ്ഞു. കരുതലോടെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അബദ്ധത്തില്‍ ഉള്ളില്‍ കടക്കുന്ന അന്യവസ്തുക്കള്‍ പുറത്തെടുത്താല്‍പ്പോലും അന്നനാളത്തില്‍ മുറിവുപറ്റിയാല്‍ നീരും പഴുപ്പും നെഞ്ചിലേക്കിറങ്ങി മീഡിയാസ്റ്റൈനൈറ്റിസ് എന്ന മാരകമായ അവസ്ഥ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഫിക്സഡ് അല്ലാത്ത വെപ്പുപല്ല് ശ്രദ്ധിച്ചില്ലെങ്കില്‍ അന്നനാളത്തില്‍ പോകാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
Content Highlights: iron needle stuck in throat, Iron needle in Chicken fry,