കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർ​ഗം സാമൂഹിക അകലവും മാസ്ക് ധരിക്കലും വ്യക്തി ശുചിത്വവുമാണെന്നൊക്കെ നാൾക്കുനാൾ പറഞ്ഞിട്ടും ​ഗൗനിക്കാത്തവരുണ്ട്. ഇപ്പോഴും ജനം കൂടുന്ന ഇടങ്ങളിൽപ്പോലും മാസ്ക് ശരിയായി വെക്കാതെ കൂസലില്ലാതെ പോകുന്നവർ. അത്തരത്തിലുള്ളവർക്ക് മാസ്ക് ശരിയായി ധരിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവച്ച് ഒരു ഐപിഎസ് ഉദ്യോ​ഗസ്ഥൻ പങ്കുവച്ച ട്വീറ്റാണ് വൈറലാകുന്നത്. 

വായ്ഭാ​ഗത്തോ താടിക്ക് കീഴെയോ മാത്രം മാസ്ക് ധരിച്ച് ഇറങ്ങുന്നവരും നെറ്റ് പോലെ സുതാര്യമായ തുണികൊണ്ടുള്ള മാസ്ക് ധരിച്ച് ഇറങ്ങുന്നവരുമൊക്കെയുണ്ട്. ഇത്തരക്കാർക്കു വേണ്ടിയാണ് ഐപിഎസ് ഉദ്യോ​ഗസ്ഥനായ പങ്കജ് നെയ്ന്റെ ട്വീറ്റ്. സുതാര്യമായ മാസ്ക് ധരിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പങ്കജിന്റെ പോസ്റ്റ്. 

നെറ്റുകൊണ്ടുള്ള മാസ്ക് ധരിച്ചു നിൽക്കുന്ന സ്ത്രീയാണ് ചിത്രത്തിലുള്ളത്. ഇത്തരത്തിൽ ധരിക്കുന്നതിന്റെ സുരക്ഷിതത്വക്കുറവിനെ യൂസർ നെയിമും പാസ്സ്‌വേർഡുമായി ബന്ധിപ്പിച്ച് പറയുകയാണ് അദ്ദേഹം. ​ദുർബലമായ പാസ്സ്‌വേർഡും യൂസർനെയിമും ഇത്ര സുരക്ഷിതത്വമേ നൽകൂ എന്ന ക്യാപ്ഷനോടെയാണ് പങ്കജ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു കീഴെ ഫലപ്രദമായ സന്ദേശം എന്നു പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: IPS officer shares photo of woman wearing a net face mask with an important message