തിരുവനന്തപുരം: ഡിസംബര്‍ മൂന്ന്. ലോക ഭിന്നശേഷിദിനം. ലോക ജനസംഖ്യയുടെ 15 ശതമാനം (ഏകദേശം 100 കോടി പേര്‍) ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുമായി ജീവിക്കുന്നു. 'കോവിഡനന്തരം പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവവും പ്രോത്സാഹിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ ഭിന്നശേഷിദിന പ്രമേയം.

രാജ്യ ജനസംഖ്യയില്‍ 2.21 ശതമാനമാണ് ഭിന്നശേഷിക്കാര്‍. യഥാര്‍ഥത്തില്‍ ഇത് പത്തുമുതല്‍ 15 ശതമാനം വരെവരും. മൂന്നുശതമാനം ജോലി സംവരണം ചെയ്തിട്ടും തൊഴില്‍രംഗത്ത് ഇവര്‍ വെറും 0.1 ശതമാനം മാത്രം. സ്വകാര്യമേഖലയിലാകട്ടെ 0.47 ശതമാനവും

ഭിന്നശേഷിസൗഹൃദ ഓഫീസുകള്‍

  • ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാന്‍ റാമ്പ്. 
  • ലിഫ്റ്റ് സൗകര്യം. 
  • പ്രത്യേക ക്യൂ സംവിധാനം
  • ഇന്റര്‍നെറ്റ് സേവനം
  • ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ക്കുള്ള റോഡ് സൗകര്യം 
  • പ്രത്യേക പാര്‍ക്കിങ് മേഖല 
  • പ്രത്യേകം ഇരിപ്പിടങ്ങള്‍ 
  • റാമ്പ് സൗകര്യമുള്ള ശൗചാലയം
  • എളുപ്പത്തില്‍ സമീപിക്കാവുന്ന ടോക്കണ്‍ മെഷീന്‍ 
  • നല്ല നടപ്പാതകളും ഇടനാഴികളും.

ഏപ്രില്‍ 18-നകം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലുമെല്ലാം പൂര്‍ണമായും ഭിന്നശേഷിസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം. 'ബാരിയര്‍ ഫ്രീ കേരള'യാണ് സംസ്ഥാനത്തിന്റെ ഭിന്നശേഷിസൗഹൃദ പദ്ധതി. കേരളം എത്രത്തോളം ഭിന്നശേഷിസൗഹൃദമാണെന്നു പരിശോധിക്കാം.

തിരുവനന്തപുരം: നാല് താലൂക്ക് ഓഫീസുകളില്‍ റാമ്പ് സൗകര്യമുണ്ട്. രണ്ടിടത്ത് ശൗചാലയവും. ചില താലൂക്ക് ഓഫീസുകളില്‍ ലിഫ്റ്റ് ഉണ്ട്. എന്നാല്‍ പ്രത്യേക ക്യൂവോ, പാര്‍ക്കിങ് സൗകര്യമോ, ഭൂരിപക്ഷം ഓഫീസുകളിലുമില്ല.

തൃശ്ശൂര്‍: ഏഴ് താലൂക്കുകളില്‍ പൂര്‍ണമായും ഭിന്നശേഷിസൗഹൃദമായ ഒരെണ്ണംപോലുമില്ല. മൂന്നിടത്ത് റാമ്പുണ്ട്. ഒരിടത്തുമാത്രമാണ് ശൗചാലയമുള്ളത്.

പാലക്കാട്: മൂന്ന് താലൂക്ക് ഓഫീസുകളിലും രണ്ട് സിവില്‍ സ്റ്റേഷനുകളിലും റാമ്പ് സൗകര്യമുണ്ട്. എന്നാല്‍, വീല്‍ച്ചെയറില്ല. ഒരു താലൂക്ക് ഓഫീസിലും രണ്ട് സിവില്‍ സ്റ്റേഷനുകളിലും സൗകര്യങ്ങളേയില്ല.

എറണാകുളം: മൂന്നു താലൂക്ക് ഓഫീസുകളിലാണ് റാമ്പുള്ളത്. ഒരിടത്തും സൗകര്യം പൂര്‍ണമല്ല. ആലുവ താലൂക്ക് ഓഫീസിലേക്ക് റാമ്പ് ഉണ്ടെങ്കിലും ജീവനക്കാരുടെ വാഹന പാര്‍ക്കിങ് കാരണം പ്രവേശനം പ്രയാസമാണ്. രണ്ടിടത്ത് സൗകര്യങ്ങളേയില്ല.

പത്തനംതിട്ട: റാന്നി താലൂക്ക് ഓഫീസ് ഭിന്നശേഷിസൗഹൃദമാണ്. രണ്ടിടത്ത് റാമ്പ് ഉണ്ടെങ്കിലും സൗകര്യങ്ങള്‍ പൂര്‍ണമല്ല. മൂന്നിടത്ത് റാമ്പോ മറ്റു സൗകര്യങ്ങളോ ഇല്ല. മിക്കപ്പോഴും ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാറില്ല.

കോഴിക്കോട്: ജില്ലയിലൊരിടത്തും ഭിന്നശേഷിക്കാര്‍ക്കുള്ള ശൗചാലയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളില്ല. കോഴിക്കോട് കളക്ടറേറ്റിലും വടകര താലൂക്ക് ഓഫീസിലും റാമ്പുണ്ടെങ്കിലും സൗകര്യം പൂര്‍ണമല്ല. രണ്ടിടത്ത് ലിഫ്റ്റോ, റാമ്പോ ഇല്ല.

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് മാത്രമാണ് ഭിന്നശേഷിസൗഹൃദം. നാലിടത്ത് ഭിന്നശേഷിക്കാര്‍ക്ക് എത്താന്‍ പ്രയാസമാണ്. മിക്കയിടത്തും ഭിന്നശേഷിസൗഹൃദ ശൗചാലയവും ഇല്ല. എല്ലാ താലൂക്ക് ഓഫീസുകളും മുകള്‍നിലയിലാണ്.

കൊല്ലം: കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ മതിയായ സൗകര്യങ്ങളുണ്ട്. കൊല്ലം താലൂക്ക് ഓഫീസില്‍ റാമ്പ് വഴി അകത്തേക്ക് കടക്കാനുള്ള വാതില്‍ പൂട്ടിയിട്ടിരിക്കുകയാണ്. മൂന്ന് താലൂക്ക് ഓഫീസുകളില്‍ സൗകര്യങ്ങളില്ല.

മലപ്പുറം: നാല് താലൂക്ക് ഓഫീസുകളില്‍ റാമ്പുണ്ട്. രണ്ടിടത്ത് ലിഫ്റ്റ് സൗകര്യമുണ്ട്. ഒരിടത്ത് ഇതൊന്നുമില്ല.

ആലപ്പുഴ: ചേര്‍ത്തല മാത്രമാണ് പൂര്‍ണമായും ഭിന്നശേഷിസൗഹൃദം. അമ്പലപ്പുഴ താലൂക്കോഫീസില്‍ റാമ്പ് ഗ്രില്‍ ഉപയോഗിച്ച് പൂട്ടി. ലിഫ്റ്റില്ല. മൂന്ന് താലൂക്ക് ഓഫീസുകളില്‍ ഉപയോഗപ്പെടുന്ന ലിഫ്റ്റില്ല.

ഇടുക്കി: തൊടുപുഴ താലൂക്ക് ഓഫീസ് ഭിന്നശേഷിസൗഹൃദമാണ്. ഒരിടത്ത് റാമ്പ് പൂര്‍ണമല്ല. രണ്ട് താലൂക്ക് ഓഫീസില്‍ റാമ്പില്ല.

വയനാട്: ഒരു താലൂക്ക് ഓഫീസില്‍ റാമ്പും ഒരിടത്ത് ലിഫ്റ്റുമുണ്ട്. ഒരിടത്ത് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലവുമുണ്ട്.

കണ്ണൂര്‍: രണ്ടിടത്ത് റാമ്പ് സൗകര്യമില്ല. ഇരിട്ടി താലൂക്ക് ഓഫീസില്‍ സൗകര്യം അപൂര്‍ണമാണ്. രണ്ടിടത്ത് റാമ്പും ലിഫ്റ്റുമുണ്ട്.

കാസര്‍കോട്: രണ്ട് താലൂക്ക് ഓഫീസുകളിലേക്ക് വീല്‍ച്ചെയര്‍ കയറ്റാന്‍ പറ്റില്ല. ഒരിടത്ത് ലിഫ്റ്റുണ്ട്. മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ ഒരു സൗകര്യവുമില്ല. 41 പടികളാണ് ഇവിടേക്ക്.

Content Highlights: International Day of Disabled Persons, Is kerala disabled person specially abled person  friendly