കോട്ടയ്ക്കല്‍: ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂളില്‍ചേരാനും ജോലിക്കും ആനുകൂല്യങ്ങള്‍ക്കുമെല്ലാം ആവശ്യമായ മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാതായിട്ട് രണ്ടുവര്‍ഷം. ഉള്ള സര്‍ട്ടിഫിക്കറ്റ് പുതുക്കാനും പുതിയവ എടുക്കാനുമായി ആയിരക്കണക്കിന് അപേക്ഷയാണ് സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡുകള്‍ക്കുമുന്നില്‍ കെട്ടിക്കിടക്കുന്നത്.

മെഡിക്കല്‍ബോര്‍ഡ് യോഗങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് നിര്‍ത്തിയത്. ആശുപത്രികള്‍ക്ക് പുറത്തുനടത്തിയിരുന്ന ക്യാമ്പുകളും നിലച്ചു. ഡോക്ടര്‍മാര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയതും തടസ്സമായി.

സര്‍ട്ടിഫിക്കറ്റ് വിതരണം നീണ്ടത് രക്ഷിതാക്കളുടെയും സംഘടനകളുടെയും പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ ഏപ്രിലില്‍ ആരോഗ്യ, കുടുംബക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കി. ഭിന്നശേഷിക്കാരെ വിലയിരുത്താന്‍ ആശുപത്രികളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഇല്ലാത്തതിനാല്‍ ആരോഗ്യവകുപ്പ് നിസ്സഹായാവസ്ഥയിലായി.

സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് കാലാവധികഴിഞ്ഞാലും അതുപയോഗിക്കാമെന്ന് ഇളവുണ്ട്. എന്നാല്‍, പുതുതായി അപേക്ഷിക്കാനുള്ളവര്‍ക്ക് പ്രതീക്ഷയില്ല. കേന്ദ്രം നല്‍കുന്ന യുണീക് ഡിസെബിലിറ്റി ഐ.ഡി.(യു.ഡി.ഐ.ഡി.)ക്ക് അപേക്ഷിക്കാനും മെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

എത്രയുംപെട്ടെന്നു നല്‍കണം

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ അപര്യാപ്തത പരിഹരിച്ച് സര്‍ട്ടിക്കറ്റുകള്‍ നല്‍കുന്നത് ഉടന്‍ പുനരാരംഭിക്കണം. മെഡിക്കല്‍ബോര്‍ഡ് ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും.
-കെ.എം. ജോര്‍ജ്
(പ്രസിഡന്റ്, പാരന്റ്സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ്)

ക്യാമ്പുകള്‍ ഉടന്‍

ഭിന്നശേഷിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ക്യാമ്പുകള്‍ അടുത്തയാഴ്ചതന്നെ പുനരാരംഭിക്കും. കോട്ടയം പാലായില്‍ ആറിന് ആദ്യക്യാമ്പ് നടത്തും. അതിനുശേഷം കാസര്‍കോട്ടെ മഞ്ചേശ്വരത്തും തുടര്‍ന്ന് മറ്റു ജില്ലകളിലും നടക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ ഒരു പാനല്‍ തയ്യാറാക്കിയിട്ടുണ്ട്.
-എസ്.എച്ച്. പഞ്ചാപകേശന്‍
(സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍, തിരുവനന്തപുരം)

Content Highlights: International Day of Disabled Persons- differently abled not getting certificate