സ്വർണമെഡലുകളുമായി വാസുദേവൻ
കോഴിക്കോട്: സർജിക്കൽ ടേബിളിൽ കിടക്കുമ്പോൾ 63-കാരനായ ഈസ്റ്റ്ഹിൽ മാപ്പാല വാസുദേവൻ ചോദിച്ചു: ഡോക്ടർ, സർജറി കഴിഞ്ഞാൽ എനിക്കു പഴയതുപോലെ മൈതാനത്തിറങ്ങാൻ കഴിയുമോ?
ഹൃദയവാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയയ്ക്ക് മുന്നോടിയായാണ് ചോദ്യം. ആറുമാസത്തെ വിശ്രമത്തിനുശേഷം എല്ലാം പഴയതുപോലെ തന്നെയാവുമെന്ന് ഡോക്ടർ ഉറപ്പുനൽകി. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയവരിൽ ബഹുഭൂരിഭാഗംപേരും ശിഷ്ടജീവിതം മുഴുവനും ദേഹം അനങ്ങാതെ കഴിയേണ്ടവരാണെന്ന തെറ്റിദ്ധാരണ പേറുമ്പോഴാണ് വാസുദേവൻ 65-ാം വയസ്സിൽ നാഷണൽ മാസ്റ്റേഴ്സ് മത്സരത്തിൽ ജാവലിൻ ത്രോയിലും ഡിസ്കസ്ത്രോയിലും സ്വർണം നേടി ചരിത്രം കുറിക്കുന്നത്.
2020 ജൂണിൽ തലകറക്കം വന്നപ്പോഴാണ് വാസുദേവൻ ചികിത്സതേടി കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെത്തുന്നത്. ഹൃദയവാൽവ് മാറ്റിവെക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ഹാർട്ട് ആൻഡ് വാസ്കുലർ കെയറിലെ ഡോ. അലി ഫൈസലും ഡോ. മുരളി പി. വെട്ടത്തും നിർദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസമാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചതെങ്കിലും ഒരു വർഷത്തിലേറെ വിശ്രമിച്ച് വാസുദേവൻ വീണ്ടും മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരങ്ങളിൽ സജീവമായി. തിരുവനന്തപുരത്ത് നടന്ന സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻത്രോയിലും ഡിസ്കസ് ത്രോയിലും സ്വർണം നേടി ഹൃദയാരോഗ്യത്തിന്റെ കരുത്ത് തെളിയിച്ചു.
1970-കളിൽ പട്ടാളത്തിൽചേർന്ന വാസുദേവൻ എം.ആർ.സി. ഫുട്ബാൾ ടീമിന്റെ ഭാഗമായിരുന്നു. സർവീസസിന് വേണ്ടിയും മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ കോഴിക്കോട്ടെ പ്രശസ്ത ക്ലബ്ബുകളായ ചലഞ്ചേഴ്സ്, ബ്രീസ് സ്പോർട്സ് ക്ലബ്ബ് വെള്ളയിൽ, യങ്സ്റ്റേഴ്സ് കാലിക്കറ്റ്, കെ.ടി.സി. ഫുട്ബോൾ ടീം, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട് എന്നിവയ്ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. പിന്നീട് വെറ്ററൻസ് ഫുട്ബോളിലും തിളങ്ങി.
ഡിസംബർ ഒമ്പതിനും 10-നും ഉഡുപ്പിയിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വാസുദേവൻ ഇപ്പോൾ.
Content Highlights: inspiring story of vasudevan after heart surgery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..