Representative Image| Photo: Canva.com
സംസ്ഥാനത്ത് വൈറൽ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങൾ ചികിത്സയിൽ കഴിയുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഇൻഫ്‌ളുവൻസ വൈറസ്, റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകളാണ് ഇതിനു പിന്നിലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയത്. ഇപ്പോഴിതാ അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നിൽ ഇൻഫ്ളുവൻസ Aയുടെ ഉപവിഭാഗമായ H3N2 വൈറസ് ആണെന്ന് വ്യക്തമാക്കുകയാണ് ഐ.സി.എം.ആർ(Indian Council of Medical Research).
കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി H3N2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു. മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണ് കരുതുന്നതെന്നും ഐ.സി.എം.ആർ അധികൃതർ വ്യക്തമാക്കി.
ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ രോഗബാധിതരിൽ 16 ശതമാനം പേർക്കും ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർ ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു.
ഓരോ വർഷവും ആഗോളതലത്തിലുണ്ടാകുന്ന 3 മുതൽ അഞ്ചു മില്യൺ രോഗബാധിത മരണങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചുള്ള 2.9ലക്ഷം മുതൽ 6.5ലക്ഷം മരണങ്ങൾക്കും പിന്നിൽ സീസണൽ ഇൻഫ്ളുവൻസ ആണെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗം വാക്സിനേഷനാണെന്നും ലോകാരോഗ്യസംഘടന പറയുന്നു.
വാക്സിനേഷനും ആന്റിവൈറൽ ട്രീറ്റ്മെന്റിനും പുറമെ വ്യക്തിശുചിത്വവും തുമ്മുമ്പുോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുന്നതും രോഗബാധിതമായാൽ ഐസൊലേഷനിൽ കഴിയുന്നതും ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കലുമൊക്കെ പ്രധാനമാണെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നുണ്ട്.
Content Highlights: influenza a subtype causing cough fever says icmr
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..