കൊല്ലം : ഗവ. വിക്ടോറിയ ആശുപത്രിയിലെ വന്ധ്യതാനിവാരണ ക്ലിനിക്കിലെ ചികിത്സയിലൂടെ കുഞ്ഞുങ്ങളുണ്ടായ അച്ഛനമ്മമാര്‍ വെള്ളിയാഴ്ച ഒത്തുചേരും. താരാട്ട് എന്ന് പേരിട്ടിരിക്കുന്ന സംഗമത്തില്‍ 75 ദമ്പതിമാരും അവരുടെ കുഞ്ഞുങ്ങളുമെത്തും. ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഒരുദിവസം നീളുന്ന പരിപാടികളാണ് നടത്തുന്നത്.

സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സയാണ് ഗൈനക്കോളജിസ്റ്റ് ഡോ. ജെ.അഞ്ജലിയുടെ നേതൃത്വത്തില്‍ ഗവ. വിക്ടോറിയ ആശുപത്രിയില്‍ സൗജന്യമായി നല്‍കുന്നത്. കൊല്ലം ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നും വന്ധ്യതയ്ക്ക് ചികിത്സതേടി ഇവിടേക്ക് ദമ്പതിമാരെത്തുന്നുണ്ട്. തിരുവനന്തപുരം തൈക്കാട് ഗവ. ആശുപത്രിയിലെ വന്ധ്യതാനിവാരണ ക്ലിനിക്കില്‍നിന്ന് പരശീലനം നേടിയ ഡോ. അഞ്ജലി 2017 നവംബറിലാണ് കൊല്ലത്ത് ചുമതലയേല്‍ക്കുന്നത്.

2017 നവംബര്‍ മുതല്‍ 2018 നവംബര്‍ വരെ ഇവിടത്തെ ചികിത്സയിലൂടെ 75 ദമ്പതിമാര്‍ക്ക് സന്താനഭാഗ്യമുണ്ടായി. ഇവരില്‍ 28 പേര്‍ വിവാഹിതരായി 10 വര്‍ഷത്തിലേറെ കുഞ്ഞുങ്ങളില്ലാതെ വിഷമിച്ചവരാണ്. ഇരട്ടക്കുട്ടികളെ ലഭിച്ചവരും ഒറ്റപ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങളെ കിട്ടിയവരുമുണ്ട് കൂട്ടത്തില്‍.

തിങ്കള്‍മുതല്‍ വെള്ളിവരെ വിക്ടോറിയ ആശുപത്രിയില്‍ ക്രമീകരിച്ചിരിക്കുന്ന വന്ധ്യതാ നിവാരണ ക്ലിനിക്കില്‍ ദിവസേന 50-60 ദമ്പതിമാര്‍ ചികിത്സതേടി എത്തുന്നുണ്ട്. സ്‌കാനിങ് അടക്കമുള്ള പരിശോധനകളും മരുന്നുകളും കുറഞ്ഞനിരക്കില്‍ ഇവിടെ ലഭ്യമാണ്. 'താരാട്ട്' സംഗമത്തിലേക്കുള്ള ക്ഷണം വലിയ സന്തോഷത്തോടെയാണ് എല്ലാ ദമ്പതിമാരും സ്വീകരിച്ചതെന്ന് ഡോ. അഞ്ജലി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 11-ന് നടക്കുന്ന സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എസ്.വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ദമ്പതിമാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും.

വ്യായാമമുറി തുറന്നു

പുരുഷന്മാരിലെ വന്ധ്യതയ്ക്ക് പ്രധാന കാരണം പുകവലിയും മദ്യപാനമടക്കമുള്ള ലഹരി ഉപയോഗവുമാണെന്ന് ഡോ. അഞ്ജലി പറയുന്നു. സ്ത്രീകളിലാണെങ്കില്‍ അമിതവണ്ണമാണ് പ്രധാന വില്ലന്‍. അതുകൊണ്ട് ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്കായി ക്ലിനിക്കിനോടുചേര്‍ന്ന് വ്യായാമമുറി സജ്ജീകരിച്ചിട്ടുണ്ട്.

ലഘുവ്യായാമങ്ങളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ഇതിനായി പരിശീലകയെ താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.

Content Highlights: infertility treatment for free in govt victoria hospital